ചെന്നൈ | പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തിനെതിരെ തമിഴ്നാട്ടിലും പ്രതിഷേധം. കോൺഗ്രസിന്റേയും വിവിധ ദ്രാവിഡ സംഘടനകളുടെയും ആഭിമുഖ്യത്തിലാണ് പ്രതിഷേധം. #gobackmodi ഹാഷ്ടാഗിൽ സാമൂഹ മാധ്യമങ്ങളിലും പ്രതിഷേധം കനക്കുന്നുണ്ട്. രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതിനെതിരെയാണ് കോൺഗ്രസിന്റെ പ്രതിഷേധം. കോൺഗ്രസ് ഒഴികെ മറ്റ് ഭരണമുന്നണി കക്ഷികളാരും പ്രത്യക്ഷ പ്രതിഷേധത്തിനില്ല.
മൂന്ന് മണിക്കാണ് പ്രധാനമന്ത്രി തമിഴ്നാട്ടിലെത്തുക. ചെന്നൈ വിമാനത്താവളത്തിലെ നവീകരിച്ച ടെർമിനൽ മോദി ഉദ്ഘാടനം ചെയ്യും. 1260 കോടി രൂപ ചെലവിലാണ് ടെർമിനലിന്റെ ആദ്യഘട്ട നവീകരണം പൂർത്തിയാക്കിയത്. ഇപ്പോൾ തന്നെ തീവ്ര നിലപാടുള്ള ചില ദ്രാവിക സംഘടനകൾ പ്രതിഷേധം ആരംഭിച്ചിട്ടുണ്ട്.
വള്ളുവർ കോട്ടം കേന്ദ്രീകരിച്ചാണ് കോൺഗ്രസ് പ്രധാനമായും പ്രതിഷേധിക്കുന്നത്. കറുത്ത കുപ്പായം ധരിച്ചും കരിങ്കൊടിയേന്തിയുമാണ് പ്രതിഷേധക്കാരെത്തിയിരിക്കുന്നത്. ഡിഎംകെയുടെ മാതൃ സംഘടനയായ ദ്രാവിഡർ കഴകത്തിന്റെ പ്രതിഷേധമുണ്ട്. എന്നാൽ ഡിഎംകെയുടെ രാഷ്ട്രീയ പാർട്ടി പ്രത്യക്ഷ പ്രതിഷേധത്തിനില്ല. മോദിയെ തമിഴ്നാട്ടിൽ കാലുകുത്താൻ അനുവദിക്കരുതെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.