ട്രെയിൻ തീവെയ്പ് കേസിലെ പ്രതി ഷാറൂഖ് സെയ്ഫി മുമ്പും കേരളത്തിൽ എത്തിയെന്ന സംശയത്തിൽ അന്വേഷണസംഘം. സംഭവ ദിവസം പ്രതി ഷൊർണൂരിൽ ചിലവഴിച്ചത് 14 മണിക്കൂറാണ്. അവസാനം വിളിച്ച നമ്പറുകളെല്ലാം സ്വിച്ച് ഓഫ് ആയ നിലയിലാണ്. ഷാറൂഖിനെ പൊലീസ് ചോദ്യം ചെയ്യുന്നത് തുടരുകയാണ്.
ദില്ലിയിൽ നിന്ന് ഷാറൂഖ് സെയ്ഫി കേരളത്തിലേക്ക് യാത്ര നടത്തിയത് സമ്പർക്ക് ക്രാന്തി എക്സ്പ്രസിൽ ആണെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. ന്യൂ ദില്ലി റെയിൽവേ സ്റ്റേഷനിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങൾ അന്വേഷണ സംഘം ശേഖരിച്ചു. ഷാറൂഖിന് ദില്ലിയിൽ മലയാളികളുമായി ബന്ധമുണ്ടോ എന്നതിലും പരിശോധന നടക്കുകയാണ്.
കഴിഞ്ഞ മാസം 31 ന് ഷഹീൻബാഗിലെ വീട് വിട്ട ഷാറൂഖ് സെയ്ഫി ഉച്ചയ്ക്ക് ഒരു മണിക്ക് ശേഷം കേരളത്തിലേക്കുള്ള ട്രെയിനിൽ യാത്ര തുടങ്ങിയെന്നാണ് വിവരം. ചണ്ഡിഗഡിൽ നിന്ന് കൊച്ചുവേളിയ്ക്ക് എത്തുന്ന സമ്പർക്ക് ക്രാന്തി ട്രെയിനിലാണ് യാത്ര നടത്തിയതെന്നാണ് കണ്ടെത്തൽ. ഈക്കാര്യം ഉറപ്പിക്കാനാണ് റെയിൽവേ സ്റ്റേഷനിൽ എത്തി സിസിടിവി ദൃശ്യങ്ങൾ അടക്കം പരിശോധിച്ചത്.