Type Here to Get Search Results !

കണക്കുവീട്ടാന്‍ കേരള ബ്ലാസ്റ്റേഴ്സ് മറന്നു; ബെംഗളൂരു എഫ്സി സൂപ്പര്‍ കപ്പ് സെമിയില്‍



കോഴിക്കോട്: ഹീറോ സൂപ്പര്‍ കപ്പില്‍ നിന്ന് കേരള ബ്ലാസ്റ്റേഴ്സ് എഫ്സി പുറത്ത്. ബെംഗളൂരു എഫ്സിയോട് ഐഎസ്‌എല്‍ പ്ലേ ഓഫിലെ നാടകീയാന്ത്യത്തിന് സൂപ്പര്‍ കപ്പില്‍ പകരംവീട്ടാന്‍ കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ ഇറങ്ങിയ ബ്ലാസ്റ്റേഴ്സ് നിര്‍ണായക ഗ്രൂപ്പ് മത്സരത്തില്‍ 1-1ന്‍റെ സമനില വഴങ്ങിയതോടെയാണിത്.


അതേസമയം സമനിലയോടെ ബെംഗളൂരു സൂപ്പര്‍ കപ്പിന്‍റെ സെമിയിലേക്ക് ചേക്കേറി. 


കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ മത്സരത്തിന് കിക്കോഫായി ആദ്യപകുതിയില്‍ കേരള ബ്ലാസ്റ്റേഴ്സ് പിന്നിലായിരുന്നു. ഇരുപത്തിനാലാം മിനുട്ടില്‍ റോയ് കൃഷ്ണയുടെ ഗോളില്‍ ബിഎഫ്സി ലീഡ് നേടി. 77-ാം മിനുട്ടില്‍ ദിമിത്രിയോസ് ഡയമന്‍റക്കോസിന്‍റെ ഹെഡറില്‍ ബ്ലാസ്റ്റേഴ്‌സ് സമനില പിടിച്ചെങ്കിലും സെമിയിലേക്ക് കടക്കാന്‍ ജയം അനിവാര്യമായിരുന്ന മഞ്ഞപ്പടയ്ക്ക് വിജയ ഗോള്‍ നേടാന്‍ കഴിഞ്ഞില്ല. ബിഎഫ്സിയോട് ബ്ലാസ്റ്റേഴ്സ് പകതീര്‍ക്കുന്നത് നേരില്‍ കാണാന്‍ കൊതിച്ച്‌ തടിച്ചുകൂടിയ മഞ്ഞപ്പട ആരാധകര്‍ക്ക് നിരാശയായി ഫലം. ഗ്രൂപ്പിലെ മറ്റൊരു നിര്‍ണ്ണായക മത്സരത്തില്‍ ശ്രീനിധി ഡെക്കാന്‍ തോല്‍വി വഴങ്ങിയതോടെ സമനില പോയിന്‍റുമായി ബെംഗളൂരു എഫ്സി സെമിയിലെത്തി.


ആദ്യ റൗണ്ടിലെ മൂന്ന് മത്സരങ്ങളില്‍ നിന്ന് ഒരു ജയവും രണ്ട് സമനിലയുമായി അഞ്ചു പോയിന്‍റുമായാണ് ബെംഗളൂരു സെമിയിലെത്തിയത്. മൂന്ന് മത്സരങ്ങളില്‍ നിന്ന് ഒരു ജയവും ഒരു സമനിലയും ഒരു തോല്‍വിയുമായി ശ്രീനിധിയും ബ്ലാസ്റ്റേഴ്‌സും 4 പോയിന്‍റ് വീതം സ്വന്തമാക്കിയപ്പോള്‍ ഗോള്‍ ശരാശരിയില്‍ ശ്രീനിധിയാണ് ഗ്രൂപ്പ് എ യില്‍ രണ്ടാമത്. കേരള ബ്ലാസ്റ്റേഴ്സ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ബിഎഫ്സിയോടും ബ്ലാസ്റ്റേഴ്‌സിനോടും തോറ്റ റൗണ്ട് ഗ്ലാസ് പഞ്ചാബ് ഇന്നത്തെ മത്സരത്തില്‍ ശ്രീനിധിയോട് ആശ്വാസ ജയം നേടി മൂന്ന് പോയിന്‍റ് കരസ്ഥമാക്കി. ഓരോ ടീമുകള്‍ മാത്രമാണ് ഗ്രൂപ്പുകളില്‍ നിന്ന് സെമി ബര്‍ത്ത് ഉറപ്പിക്കുക. 

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad