ഐപിഎല്‍ പതിനാറാം സീസണില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ മുംബൈ ഇന്ത്യന്‍സിനായി അരങ്ങേറിയതും റെക്കോര്‍ഡിട്ട് യങ് പേസര്‍ അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍. ഐപിഎല്ലില്‍ കളിക്കുന്ന ആദ്യ അച്ഛനും മകനും എന്ന നേട്ടമാണ് സച്ചിന്‍ ടെന്‍ഡുല്‍ക്കറും അര്‍ജുന്‍ ടെന്‍ഡുല്‍ക്കറും പേരിലാക്കിയത്. ഇരുവരും ഐപിഎല്‍ അരങ്ങേറ്റം കുറിച്ചത് ഒരേ ടീമിനായാണ് എന്നതും ശ്രദ്ധേയമാണ്. അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍ അരങ്ങേറ്റം കുറിക്കുമ്പോള്‍ സച്ചിന്‍ ടീം ഐക്കണിന്‍റെ കുപ്പായത്തില്‍ മുംബൈയുടെ ഡഗൗട്ടിലുണ്ടായിരുന്നു. കെകെആറിനെതിരെ ആദ്യമായി ഐപിഎല്‍ അവസരം ലഭിച്ച അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍ക്ക് അരങ്ങേറ്റത്തില്‍ ആദ്യ ഓവര്‍ എറിയാനുമായി. 5 റണ്‍സേ താരം വിട്ടുകൊടുത്തുള്ളൂ.
ഐപിഎല്ലിന്‍റെ ആദ്യ സീസണായ 2008ല്‍ മുംബൈ ഇന്ത്യന്‍സിന്‍റെ ഐക്കണ്‍ താരമായിരുന്ന സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ 2013 വരെ ഫ്രാഞ്ചൈസിക്കായി കളിച്ചു. ഇതിന് ശേഷം മുംബൈ ഇന്ത്യന്‍സിന്‍റെ ടീം ഐക്കണായി തെരഞ്ഞെടുക്കപ്പെട്ട സച്ചിന്‍ നിലവില്‍ ടീമിന്‍റെ ഉപദേഷ്‌ടാവ് കൂടിയാണ്. ഐപിഎല്ലിലെ 78 മത്സരങ്ങളില്‍ 33.83 ശരാശരിയിലും 119.82 സ്ട്രൈക്ക് റേറ്റിലും 2,334 റണ്‍സ് നേടിയ സച്ചിന്‍ 2010 സീസണിലെ മികച്ച ബാറ്റര്‍ക്കും ക്യാപ്റ്റനും സീസണിലെ മികച്ച താരത്തിനുമുള്ള പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. ഐപിഎല്ലില്‍ സച്ചിന് ഒരു സെഞ്ചുറിയും 13 അര്‍ധസെഞ്ചുറികളുമുണ്ട്. ക്യാപ്റ്റനായി രണ്ട് സീസണുകളില്‍ അഞ്ഞൂറിലധികം റണ്‍സ് നേടി. സച്ചിനോടുള്ള ആദരമായി 10-ാം നമ്പര്‍ ജേഴ്‌സി മുംബൈ ഇന്ത്യന്‍സ് പിന്‍വലിച്ചിരുന്നു.
മുമ്പ് ഈ സീസണില്‍ തന്നെ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് എതിരായ ക്ലാസിക്കോയില്‍ ഇംപാക്‌ട് പ്ലെയേഴ്‌സിന്‍റെ പട്ടികയില്‍ അര്‍ജുന്‍ ടെന്‍ഡുല്‍ക്കറെ മുംബൈ ഇന്ത്യന്‍സ് ഉള്‍പ്പെടുത്തിയിരുന്നെങ്കിലും താരത്തിന് മൈതാനത്തിറങ്ങാന്‍ അവസരം ലഭിച്ചിരുന്നില്ല. ഇതോടെ അരങ്ങേറ്റം നീളുകയായിരുന്നു. ഇടംകൈയന്‍ പേസ് ബൗളിംഗ് ഓപ്‌ഷനിനൊപ്പം ലോവര്‍ ഓര്‍ഡറില്‍ ബാറ്റ് ചെയ്യാനാകും എന്നതും അര്‍ജുന്‍ ടെന്‍ഡുല്‍ക്കറുടെ പ്രത്യേകതയാണ്. ഐപിഎല്‍ 2022 സീസണ്‍ മുതല്‍ മുംബൈ ഇന്ത്യന്‍സ് സ്‌ക്വാഡിനൊപ്പമുണ്ട് അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍.