▪️വാഷിങ്ടൺ: അമേരിക്കയിൽ 13 വയസ്സിനു താഴെയുള്ള കുട്ടികളെ സാമൂഹികമാധ്യമങ്ങളിൽനിന്ന് വിലക്കാനുള്ള ബിൽ സെനറ്റിൽ അവതരിപ്പിച്ചു.
ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടിക് ടോക് തുടങ്ങിയവയിലാണ് വിലക്കാൻ ശുപാർശ. കൗമാരക്കാർക്ക് സാമൂഹികമാധ്യമങ്ങൾ ഉപയോഗിക്കണമെങ്കിൽ ടെക് കമ്പനികൾ, രക്ഷിതാക്കളുടെ സമ്മതം ഉറപ്പാക്കണമെന്ന നിർദേശവും ബില്ലിലുണ്ട്. സാമൂഹികമാധ്യമങ്ങളുടെ ഉപയോഗം കുട്ടികളുടെ മാനസികാരോഗ്യം തകരാറിലാക്കുന്നുവെന്ന വിദഗ്ധാഭിപ്രായം വിശദമായി പരിശോധിക്കണമെന്നും ബിൽ ആവശ്യപ്പെടുന്നു. കൗമാരപ്രായത്തിലുള്ള കുട്ടികളുടെ വ്യക്തിഗതവിവരങ്ങളടങ്ങിയ ഉള്ളടക്കമോ പരസ്യങ്ങളോ സാമൂഹികമാധ്യമ കമ്പനികൾ പങ്കുവെക്കാൻ പാടില്ലെന്നും നിഷ്കർഷിക്കുന്നുണ്ട്.
ബിൽ നിയമമാകുന്നതോടെ നിയന്ത്രണം നടപ്പാകും. കുട്ടികളുടെ പേരിൽ പുതിയ അക്കൗണ്ടുകൾ സൃഷ്ടിക്കാൻ കഴിയില്ല. എന്നാൽ, ലോഗിൻചെയ്യാതെ ഉള്ളടക്കം വായിക്കാൻ പറ്റും. സാമൂഹികമാധ്യമങ്ങളിലെ ചതിക്കുഴികളിൽനിന്ന് കുട്ടികളെ രക്ഷിക്കാനുള്ള നീക്കമാണിതെന്ന് ബില്ലിനുപിന്നിൽ പ്രവർത്തിച്ച സെനറ്റംഗം ബ്രയാൻ ഷാറ്റസ് പ്രതികരിച്ചു. 2021-ലെ ഒരു സർവേ റിപ്പോർട്ടുപ്രകാരം, യു.എസിലെ ഹൈസ്കൂൾ വിദ്യാർഥികളിൽ 57 ശതമാനം പെൺകുട്ടികളിലും 29 ശതമാനം ആൺകുട്ടികളിലും വിഷാദരോഗം കണ്ടെത്തിയിരുന്നു. സാമൂഹികമാധ്യമങ്ങളുെട അമിതോപയോഗമാണ് ഇതിനു പ്രധാനകാരണമെന്നായിരുന്നു വിദഗ്ധരുടെ വിലയിരുത്തൽ.