മലയാളത്തിന്‍റെ പ്രിയ നടൻ മാമുക്കോയക്ക് അന്ത്യാഞ്ജലി അർപ്പിക്കാൻ പ്രമുഖരടക്കം പലരും വരാത്തതിൽ അനുസ്മരണ സമ്മേളനത്തിൽ വിമർശനം. മാമുക്കോയയ്ക്ക് മലയാള സിനിമ അർഹിച്ച ആദരവ് നൽകിയില്ലെന്നതടക്കമുള്ള രൂക്ഷ വിമർശനമാണ് അനുസ്മരണ യോഗത്തിൽ സംസാരിച്ച സംവിധായകൻ വി എം വിനു ഉന്നയിച്ചത്. പലരും വരുമെന്ന് കരുതിയെന്നും പക്ഷേ വന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഏറണാകുളത്ത് പോയി മരിച്ചാൽ കൂടുതൽ സിനിമാക്കാർ വരുമായിരുന്നു എന്ന പരിഹാസവും സംവിധായകൻ മുന്നോട്ടുവച്ചു. പല പ്രമുഖരും വരാതിരുന്നത് മാമുക്കോയയോടുള്ള അനാദരവായെന്നും അനുസ്മരണ സമ്മേളനത്തിൽ വി എം വിനു പറഞ്ഞു. താൻ ഏറണാകുളത്ത് പോയി മരിയ്ക്കാൻ ശ്രമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അനുസ്മരണ സമ്മേളനത്തിൽ സംസാരിച്ച ആര്യാടൻ ഷൗക്കത്തും ഇക്കാര്യം ചൂണ്ടികാട്ടി. മാമുക്കോയ നൽകിയ സ്നേഹം മലയാള സിനിമാ ലോകത്തിന് തിരിച്ചു നൽകാൻ ആയില്ലെന്നാണ് ആര്യാടൻ ഷൗക്കത്ത് പറഞ്ഞത്. എല്ലാവരെയും സ്നേഹിച്ച വ്യക്തി ആയിരുന്നു മാമുക്കോയ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സാമൂഹിക മാധ്യമങ്ങളിലും വ്യാപക വിമർശനമാണ് ഉയരുന്നത്.