തിരുവനന്തപുരം:സ്കൂൾ ബസുകൾ ഓടിക്കുന്ന ഡ്രൈവർമാർ അടുത്ത അധ്യയന വർഷാരംഭത്തിനു മുൻപ് മൂന്നു ദിവസത്തെ പരിശീലന കോഴ്സിൽ നിർബന്ധമായി പങ്കെടുക്കണമെന്ന് മോട്ടോർ വാഹനവകുപ്പിന്റെ ഉത്തരവ്. എടപ്പാളിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡ്രൈവർ ട്രെയിംനിംഗ് ആൻഡ് റിസർച്ചിൽ നടക്കുന്ന കോഴ്സിൽ പങ്കെടുക്കാത്ത ഡ്രൈവർമാരെ അടുത്ത അധ്യയനവർഷം ആരംഭിക്കുന്ന ജൂൺ ഒന്നിനു ശേഷം സ്കൂൾ വാഹനങ്ങൾ ഓടിക്കാൻ അനുവദിക്കില്ലെന്നും ഉത്തരവിൽ പറയുന്നു.
സ്കൂൾ അധികൃതർക്കാണ് ഇവരെ കോഴ്സിനയയ്ക്കേണ്ട ഉത്തരവാദിത്വം.
രജിസ്ട്രേഷൻ ഫീസ്, താമസം, ഭക്ഷണം എന്നിവയ്ക്കായി ഒരാൾ 4,500 രൂപ നൽകണം. കുറഞ്ഞ വേതനത്തിൽ ജോലി ചെയ്യുന്ന തങ്ങൾക്ക് ഇതു താങ്ങാനാവില്ലെന്നാണ് ഡ്രൈവർമാർ പറയുന്നത്. അതിനാൽ ഇത് സ്കൂൾ അധികൃതർ വഹിക്കണമെന്നാണ് ഇവർ ആവശ്യപ്പെടുന്നത്. എന്നാൽ എടപ്പാളിൽ മാത്രമായി നടത്തുന്ന കോഴ്സിൽ ഡ്രൈവർമാരെ പങ്കെടുപ്പിക്കുന്നത് ഏറെ സാമ്പത്തിക ചെലവു വരുന്നതിനാൽ ഇത് സ്കൂളുകൾക്കു
താങ്ങാനാവില്ലെന്നും അതാതു ജില്ലകളിൽ തന്നെ കോഴ്സ് നടത്താനുള്ള ക്രമീകരണം
ഏർപ്പെടുത്തണമെന്നുമാണ് സ്കൂൾ അധികൃതർ ആവശ്യപ്പെടുന്നത്.
അടുത്ത അധ്യയന വർഷാരംഭത്തിനു മുൻപ് ജില്ലയിലെ മുഴുവൻ സ്കൂൾ ബസ് ഡ്രൈവർമാരും കോഴ്സിൽ
പങ്കെടുക്കണമെന്നുള്ള നിർദശം ജില്ലാ ട്രാൻസ്പോർട്ട് ഓഫീസർ എല്ലാ സ്കൂളുകൾക്കും നൽകിക്കഴിഞ്ഞു. കോഴ്സിനുള്ള അപേക്ഷാഫോമിൽ അതാത് സ്കൂളിൽനിന്നുള്ള ബസ് ഡ്രൈവർമാരുടെ വിവരങ്ങൾ എഴുതി സ്കൂൾ അധികൃതരുടെ ഒപ്പോടെ ഇ മെയിൽ വഴി നൽകിയിട്ടുള്ള ഗൂഗിൾ ഫോമിൽ അപ് ലോഡ് ചെയ്യണം.
മുൻപും സ്കൂളുകൾ തുറക്കുന്നതിനുമുംമ്പ് മോട്ടോർ വാഹനവകുപ്പിന്റെ നേതൃത്വത്തിൽ സ്കൂൾ വാഹനങ്ങൾ ഓടിക്കുന്ന ഡ്രൈവർമാർക്ക് പരിശീലനം നൽകാറുണ്ട്. അതാത് സബ് ആർടിഒ ഓഫീസുകൾക്കു കീഴിലായിരുന്നു പരിശീലനം. ഇതിൽ ഡ്രൈവർമാർ തന്നെ സ്വമേധയാ പങ്കെടുക്കാറുമുണ്ട്
ഈ വർഷമാണ് സംസ്ഥാനത്തെ
മുഴുവൻ സ്കൂൾ ബസ് ഡ്രൈവർമാരും എടപ്പാളിൽ നടക്കുന്ന പരിശീലനത്തിൽ നിർബന്ധമായി പങ്കെടുക്കണമെന്ന് ട്രാൻസ്പോർട്ട് കമ്മീഷണർ ഉത്തരവിറക്കിയത്. ഇത് തങ്ങൾക്കു സാമ്പത്തിക ബാധ്യത വരുത്തിവയ്ക്കുമെന്ന് സ്കൂൾ അധികൃതർ പറയുന്നു. വർധിച്ചുവരുന്ന ഇന്ധനവിലയും മെയിന്റനൻസ് ചെലവും ഉൾപ്പെടെ നിലവിൽ സ്കൂൾ ബസ് സർവീസ് നടത്തിക്കൊണ്ടുപോകാൻ ബുദ്ധിമുട്ടു നേരിടുകയാണെന്ന് ഇവർ വ്യക്തമാക്കുന്നു. രക്ഷിതാക്കളിൽനിന്നു കുറഞ്ഞ ഫീസ് വാങ്ങിയാണ് കുട്ടികളെ വാഹനത്തിൽ എത്തിക്കുന്നത്
കുട്ടികളുടെ സുരക്ഷിതത്വം കണക്കിലെടുത്ത് ഡ്രൈവർക്കു പുറമെ മറ്റൊരു ജീവനക്കാരിയെയും
വാഹനത്തിൽ നിയമിച്ചിട്ടുണ്ട്. ഇവരുടെ വേതനം ഉൾപ്പെടെ വരുമ്പോൾ ബസ് സർവീസ് പല സ്കൂളുകളും നഷ്ടത്തിലാണ്
നടത്തുന്നത്. ഇതിനിടെയാണ് മോട്ടോർ വാഹനവകുപ്പിന്റെ പുതിയ ഉത്തരവ്. കൂടുതൽ ബസുകളുള്ള സ്കൂളുകൾക്ക് മുഴുവൻ ഡ്രൈവർമാരെയും
കോഴ്സിനയയ്ക്കുക എന്നത് വലിയ
സാമ്പത്തിക ബാധ്യത
വരുത്തിവയ്ക്കും.
സ്കൂൾ ബസ് ഡ്രൈവർമാരുടെ സ്ഥിരം നിയമനമല്ല. ഒരു വർഷത്തിനിടെ പല ഡ്രൈവർമാരും ജോലി മതിയാക്കി പോകുകയും പുതിയ ആളെ നിയമിക്കുകയും ചെയ്യാറുണ്ട്. ഇവരെയെല്ലാം കോഴ്സിനയക്കുക എന്നത് പ്രായോഗികമായി ബുദ്ധിമുട്ടാണെന്നും സർക്കാർ ഇക്കാര്യത്തിൽ ഇടപെടണമെന്നുമാണ് സ്കൂൾ അധികൃതരുടെ ആവശ്യം.