ന്യൂഡൽഹി: ചൈനയെ പിന്തള്ളി ഇന്ത്യ ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായി മാറിയെന്ന് ഐക്യരാഷ്ട്രസഭ ഇന്ന് പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. യുഎൻ കണക്കുകൾ പ്രകാരം ഇന്ത്യയുടെ ജനസംഖ്യ 142.86 കോടിയും ചൈനയുടെ 142.57 കോടിയുമാണ്. 1950-ൽ ജനസംഖ്യാ വിവരങ്ങൾ ശേഖരിക്കാൻ തുടങ്ങിയതിന് ശേഷം ഇതാദ്യമായാണ് ഇന്ത്യ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രാജ്യങ്ങളുടെ യുഎൻ പട്ടികയിൽ ഒന്നാമതെത്തുന്നത്.2023 ഫെബ്രുവരി വരെയുള്ള കണക്കുകളാണ് യു എൻ പരിശോധിച്ചത്. അമേരിക്കയാണ് മൂന്നാം സ്ഥാനത്ത്.
വിനാശകരമായ കാർഷിക നയങ്ങൾ മൂലം ദശലക്ഷക്കണക്കിന് ആളുകൾ പട്ടിണി കിടന്ന് മരിച്ച 1960 ന് ശേഷം ആദ്യമായി ചൈനയിലെ ജനസംഖ്യം കഴിഞ്ഞ വർഷം കുറഞ്ഞു. ജനസംഖ്യാപരമായ ഇടിവ് നേരിടുന്നത് ആശങ്കയോടെയാണ് ചൈന നോക്കിക്കാണുന്നത്. പ്രതിസന്ധി മറികടക്കാൻ ജനനനിരക്ക് വർദ്ധിപ്പിക്കുന്നതിനുള്ള പ്രത്യേക പദ്ധതികളും പ്രഖ്യാപിച്ചിട്ടുണ്ട് . എന്നാൽ ഇതൊന്നും വിജയിക്കുന്ന സൂചനകൾ ഇല്ലെന്നാണ് ചൈനീസ് മാദ്ധ്യമങ്ങൾ തന്നെ നൽകുന്ന സൂചന.
8.045 ബില്യൺ ആണ് ലോക ജനസംഖ്യയായി കണക്കാക്കുന്നത്. ഇതിൽ മൂന്നിലൊന്നും ഇന്ത്യയിലും ചൈനയിലും നിന്നുള്ളവരാണ്. 2011 മുതലുള്ള ഇന്ത്യയുടെ വാർഷിക ജനസംഖ്യ വളർച്ച 1.2 ശതമാനമാണെന്നാണ് സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നത്