മഞ്ഞപ്പിത്തം സ്ഥിരീകരിച്ചതിനെ തുടർന്ന് എലത്തൂർ ട്രെയിൻ തീവയ്പ്പ് കേസിലെ പ്രതി ഷാരൂഖ് സെയ്ഫിയെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. മെഡിക്കൽ കോളേജിലെ പൊലീസ് സെല്ലിലാണ് ഷാരൂഖിനെ അഡ്മിറ്റ് ചെയ്തത്. രക്ത പരിശോധന ഫലത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസിന്റെ നടപടി. പരിശോധനയിൽ മഞ്ഞപ്പിത്തം സ്ഥിരീകരിച്ചതിനെ തുടർന്നാണ് അഡ്മിറ്റ് ചെയ്തത്.
ഷാറൂഖ് സെയ്ഫിന്റെ വൈദ്യപരിശോധനയ്ക്ക് ശേഷം പ്രതിയെ ചോദ്യം ചെയ്തിരുന്നു. ചോദ്യങ്ങൾക്ക് കൃത്യമായ ഉത്തരം നൽകാതെ പ്രതി അന്വേഷണ ഉദ്യോഗസ്ഥരോട് സഹകരിച്ചില്ല. അതുകൊണ്ട് തന്നെ ഇന്ന് പ്രതിയെ കോടതിയിൽ ഹാജരാക്കില്ല. നാളെ ഷാറൂഖിനെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ അപേക്ഷ സമർപ്പിക്കാനാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നീക്കം.
ഇന്ന് രാവിലെ പത്ത് മണിക്കാണ് കേസിൽ ഷാറൂഖ് സെയ്ഫിയുടെ അറസ്റ്റ് അന്വേഷണ സംഘം രേഖപ്പെടുത്തുന്നത്. ഷാറൂഖിനെതിരെ യിഎപിഎ സെക്ഷൻ 16 ചുമത്താനാണ് പൊലീസ് തലപ്പത്തു ചർച്ച നടക്കുന്നത്. തീവ്രവാദ പ്രവർത്തനം വഴി മരണം സംഭവിക്കുന്ന കുറ്റകൃതമാണ് യുഎപിഎ സെക്ഷൻ 16. വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റമാണ് യുഎപിഎ സെക്ഷൻ 16.
ഷാറൂഖ് നടത്തിയത് തീവ്രവാദ പ്രവർത്തനമാണെന്നാണ് അന്വേഷണ സംഘം സംശയിക്കുന്നത്. ഷാറുഖ് ഏതെങ്കിലും തീവ്രവാദ സംഘവുമായി ബന്ധപ്പെട്ടിട്ടുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.