തിരുവനന്തപുരം: വാഹനം തടയാതെ, ഗതാഗത നിയമലംഘനങ്ങൾ ഈ മാസം 20 മുതൽ കാമറയിലൊപ്പിയെടുത്ത് പിഴയിടും. മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം.
ദേശീയ, സംസ്ഥാന പാതകളിലടക്കം സ്ഥാപിച്ച കാമറകൾ ഹെൽമറ്റ്, സീറ്റ് ബെൽറ്റ് എന്നിവ ധരിക്കാതെയുള്ള യാത്ര, അപകടമുണ്ടാക്കിയ ശേഷം മുങ്ങുന്ന വാഹനങ്ങൾ,മഞ്ഞവര മുറിച്ചുകടക്കൽ, വളവുകളിൽ വരകളുടെ അതിർത്തി ലംഘിച്ച് ഓവർടേക്കിംഗ് ഉൾപ്പെടെ നിയമ ലംഘനങ്ങളും കണ്ടെത്താനാണ്. എല്ലാ ജില്ലകളിലും കൺട്രോൾ റൂമുണ്ടാകും. കാമറയിൽ പതിയുന്ന നിയമലംഘനം വാഹന ഉടമയുടെ മൊബൈലിലേക്ക് അപ്പപ്പോൾ മെസേജായി അയയ്ക്കും.
റോഡപകടം കുറയ്ക്കാൻ ആവിഷ്കരിച്ച സേഫ് കേരളയുടെ ഭാഗമാണിത്. ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് മോട്ടോർവാഹന വകുപ്പിന്റെ എൻഫോഴ്സ്മെന്റ് പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തും. കേരള റോഡ് സേഫ്റ്റി അതോറിറ്റിയുടെ 232.25 കോടി രൂപ ഉപയോഗിച്ച് കെൽട്രോൺ വഴിയാണ് പദ്ധതി നടപ്പാക്കുന്നത്.
എ.ഐ കാമറകൾ പൊലീസ് വകുപ്പിന്റെ കാമറകളുള്ള സ്ഥലം ഒഴിവാക്കിയാണ് സ്ഥാപിച്ചിട്ടുള്ളത്. ശേഖരിക്കുന്ന ഡേറ്റയും കാമറ ഫീഡും പൊലീസിന് ആവശ്യാനുസരണം നൽകും. ഡേറ്റകൾ എക്‌സൈസ്, മോട്ടോർ വാഹനം, ജി.എസ്.ടി വകുപ്പുകൾക്കും കൈമാറും. കേടാവുന്ന കാമറകൾ ചുരുങ്ങിയ സമയത്തിനുള്ളിൽ മാറ്റിസ്ഥാപിക്കും.
ലംഘനം വെവ്വേറെ പിടിക്കും
1. അനധികൃത പാർക്കിംഗ് കണ്ടുപിടിക്കാൻ 25 കാമറകൾ.
2. അമിതവേഗത കണ്ടുപിടിക്കുന്ന 4 ഫിക്സഡ് കാമറകൾ.
3. മോട്ടോർവാഹന വകുപ്പിന്റെ വാഹനനത്തിൽ 4 കാമറകൾ
4. റെഡ് ലൈറ്റ് ലംഘിക്കുന്നത് കണ്ടുപിടിക്കാൻ 18 കാമറകൾ.
പിഴത്തുക
ഫോൺ വിളി ₹2000
അമിതവേഗം ₹1500
ഹെൽമറ്റ്, സീറ്റ് ബെൽറ്റ് ₹500
അനധികൃത പാർക്കിംഗ് ₹250