Type Here to Get Search Results !

എട്ട് വയസുകാരിയുടെ മരണം; പൊട്ടിത്തെറിച്ചത് റെഡ്മി 5 പ്രോ മൊബൈൽ, ചാർജിനിട്ടിരുന്നില്ലെന്ന് കണ്ടെത്തൽ



തൃശ്ശൂർ | തിരുവില്വാമലയിൽ എട്ട് വയസുകാരിയുടെ മരണത്തിനിടയാക്കിയത് റെഡ്മി 5 പ്രോ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചതാണെന്ന് കണ്ടെത്തൽ. അപകടം നടക്കുമ്പോൾ ഫോൺ ചാർജിനിട്ടിരുന്നില്ലെന്ന് ഫോറൻസിക് പരിശോധനയിൽ വ്യക്തമായി. ഫോൺ അമിതമായി ചൂടായിരുന്നു. പുതപ്പിനുള്ളിലായിരുന്നതിനാൽ അപകടത്തിന്റെ ആഘാതം കൂടി. പൊട്ടിത്തെറിച്ച മൊബൈലിന്റെ ബാറ്ററി വളഞ്ഞിരുന്നു. ഫോറൻസിക് സംഘം പ്രാഥമിക നിഗമനം പൊലീസിനെ അറിയിച്ചു.


സംഭവം നടന്ന വീട്ടിൽ നടത്തിയ പരിശോധനയ്ക്കു ശേഷമാണ് ഇക്കാര്യം അറിയിച്ചത്. പൊട്ടിത്തെറിച്ച ഫോണിൽ നിന്നും തെറിച്ചു വീണ അവശിഷ്ടങ്ങൾ വിശദമായ പരിശോധനയ്ക്കായി ശേഖരിച്ചു.

അപകട സമയത്ത് മകളും മുത്തശ്ശിയുമാണ് വീട്ടിലുണ്ടായിരുന്നതെന്നാണ് തിരുവില്വാമലയിൽ മരിച്ച എട്ട് വയസുകാരിയുടെ അച്ഛൻ അശോക് കുമാർ പറഞ്ഞത്. സംഭവം തന്നെ വിളിച്ചറിയിക്കുന്നത് സഹോദരനാണെന്നും എന്താണ് സംഭവിച്ചതെന്ന് കണ്ടെത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. 

അപകട സമയത്ത് പുതപ്പിനടിയിൽ കിടന്ന് ഗെയിം കളിക്കുകയായിരുന്നു കുട്ടിയെന്നാണ് മുത്തശി പൊലീസിനോട് പറഞ്ഞത്. ഗുളികയെടുക്കാൻ താൻ പുറത്തുപോയി. വലിയ പൊട്ടിത്തെറി കേട്ടാണ് തിരിച്ചെത്തിയതെന്നും ഈ സമയത്ത് മകൾ ചോരയിൽ കുളിച്ചു കിടക്കുന്നതാണ് കണ്ടതെന്നും അവർ പറഞ്ഞു.


പട്ടിപ്പറമ്പ്‌ കുന്നത്ത്‌ വീട്ടിൽ അശോക്‌ കുമാറിന്റെ മകൾ ആദിത്യശ്രീയാണ്‌ മരിച്ചത്‌. മൊബൈൽ ഫോണിൽ വീഡിയോ കാണുന്നതിനിടെ ഫോൺ പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് ആദ്യം വന്ന വിവരം. ഇന്നലെ രാത്രിയാണ് അപകടം നടന്നത്. തിരുവില്വാമല ക്രൈസ്റ്റ്‌ ന്യൂ ലൈഫ്‌ സ്കൂളിലെ മൂന്നാം ക്ലാസ്സ്‌ വിദ്യാർത്ഥിനിയായിരുന്നു. പിതാവ്‌ അശോക്‌ കുമാർ പഴയന്നൂർ ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗമായിരുന്നു. പഴയന്നൂർ പോലീസ് സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുന്നുണ്ട്. വീടിനുള്ളിൽ നിന്ന് സ്ഫോടന ശബ്ദം കേട്ടതായി പരിസരവാസികളും പൊലീസിന് മൊഴി നൽകിയിരുന്നു.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad