തിരുവോണ സദ്യ മുടക്കിയ ഹോട്ടൽ വീട്ടമ്മയ്ക്ക് നഷ്ടപരിഹാരമായി 40,000 രൂപയും കോടതിച്ചെലവും നൽകണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കോടതി ഉത്തരവിട്ടു. മലയാളിക്ക് തിരുവോണ സദ്യയുമായി വൈകാരികമായ ബന്ധമാണുള്ളതെന്ന് വിലയിരുത്തിയാണ് ഉപഭോക്തൃ കോടതിയുടെ ഉത്തരവ്. നഷ്ടപരിഹാരത്തിനു പുറമേ 5000 രൂപ കോടതിച്ചെലവും സദ്യക്കായി കൈപ്പറ്റിയ തുകയും പരാതിക്കാരിക്ക് നൽകണം. ജില്ലാ ഉപഭോക്തൃ കോടതി പ്രസിഡന്റ് ഡി.ബി. ബിനു, അംഗങ്ങളായ വി. രാമചന്ദ്രൻ, ടി.എൻ. ശ്രീവിദ്യ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്.
എറണാകുളം വൈറ്റില സ്വദേശി ബിന്ധ്യ സുൽത്താനാണ് പരാതിക്കാരി. എറണാകുളം മെയ്സ് റസ്റ്റോറന്റാണ് പണം വാങ്ങിയിട്ടും സദ്യ എത്തിക്കാതിരുന്നത്. ഓണത്തിന് വീട്ടിലെത്തുന്ന അതിഥികൾക്കായി ‘സ്പെഷ്യൽ ഓണസദ്യ’ ആയിരുന്നു പരാതിക്കാരി ബുക്ക് ചെയ്തത്.
അഞ്ച് ഊണിനായി 1295 രൂപയും നൽകി. എന്നാൽ, അതിഥികൾ എത്തി ഊണ് സമയം കഴിഞ്ഞിട്ടും പാഴ്‌സൽ എത്തിയില്ല. സദ്യ എത്തും എന്നു കരുതി ഭക്ഷണം ഒന്നും വീട്ടിൽ ഉണ്ടാക്കിയതുമില്ല. എതിർകക്ഷിയെ ഫോണിൽ ബന്ധപ്പെടാൻ പലവട്ടം ശ്രമിച്ചിട്ടും പ്രതികരണം ഉണ്ടായില്ല.
വൈകീട്ട് ആറു മണിയായപ്പോൾ മാത്രമാണ് മറുപടി ലഭിച്ചത്. എന്നാൽ, അഡ്വാൻസ് തുക പോലും തിരിച്ചു നൽകിയില്ല. നഷ്ടപരിഹാരം അടക്കമുള്ള തുക ഒൻപത് ശതമാനം പലിശ സഹിതം ഒരു മാസത്തിനകം പരാതിക്കാരിക്ക് നൽകണം.