തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഉയര്‍ന്ന താപനില തുടരാന്‍ സാധ്യതയെന്ന് മുന്നറിയിപ്പ്.മിക്ക സ്ഥലങ്ങളിലും താപനില 38 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍ ഉയര്‍ന്നേക്കും. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ മഴ ലഭിക്കുമെങ്കിലും ചൂട് മറികടക്കാനാവില്ല. ഉത്തരേന്ത്യയിലെ ഉഷ്ണതരംഗത്തിന് സമാനമായ സാഹചര്യമാണ് താപനില ഉയരാന്‍ കാരണം.തീരപ്രദേശങ്ങളിലും മലയോരമേഖലകളിലും ചൂട് താരതമ്യേന കുറവായിരിക്കും. എന്നാല്‍ ഇടനാടുകളില്‍ ചൂട് കൂടുതലായിരിക്കും. അള്‍ട്രാവയലറ്റ് വികിരണ തോത് അപകടനിലയിലായതിനാല്‍ സൂര്യപ്രകാശം ഏല്‍ക്കരുതെന്ന് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നല്‍കി.
ഇന്നലെ സംസ്ഥാനത്തെ 12 സ്റ്റേഷനുകളില്‍ താപനില 40 ഡിഗ്രിക്ക് മുകളില്‍ ഉയര്‍ന്നിരുന്നു. ഓട്ടോമാറ്റിക്ക് വെതര്‍ സ്റ്റേഷന്‍ കണക്ക് പ്രകാരം പാലക്കാട് എരിമയൂരില്‍ ഇന്നലെ രേഖപ്പെടുത്തിയത് 44.3 ഡിഗ്രി സെല്‍ഷ്യസ് ചൂടാണ്. ഇടുക്കി തൊടുപുഴയില്‍ 41.7 ഡിഗ്രി സെല്‍ഷ്യസും കണ്ണൂര്‍ ചെമ്പേരിയില്‍ 41.3 ഡിഗ്രി സെല്‍ഷ്യസ് ചൂടുമാണ് ഇന്നലെ രേഖപ്പെടുത്തിയത്.