Type Here to Get Search Results !

പഴയ ലൈസന്‍സ് സ്മാര്‍ട്ടാക്കാന്‍ 200 രൂപ മുടക്കിയാല്‍ മതി; ഓണ്‍ലൈനായി അപേക്ഷിക്കാം



തിരുവനന്തപുരം: സംസ്ഥാനത്ത് സ്മാര്‍ട്ട് ഡ്രൈവിങ് ലൈസന്‍സുകള്‍ നിലവില്‍ വന്നിരിക്കുകയാണ്. ഏഴ് സുരക്ഷാ ഫീച്ചറുകളാണ് പുതിയ ലൈസന്‍സിലുള്ളത്. ലാമിനേറ്റഡ് ഡ്രൈവിങ് ലൈസന്‍സുള്ളവര്‍ക്കും പുതിയ സ്മാര്‍ട്ട് ലൈസന്‍സിലേക്ക് മാറാന്‍ സാധിക്കും. ഇതിനായി 200 രൂപ മുടക്കിയാല്‍ മതിയാകും. ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിച്ചാല്‍ മതിയാകുമെന്ന് സ്മാര്‍ട്ട് ഡ്രൈവിങ് ലൈസന്‍സുകളുടെ വിതരണോദ്ഘാടന വേദിയില്‍ മന്ത്രി ആന്റണി രാജു അറിയിച്ചു. കൈവശമുള്ള പഴയ ലൈസന്‍സ് തിരികെ ഏല്‍പ്പിക്കേണ്ടതില്ല. ഇതിനായി 200 രൂപയും അടയ്ക്കണം. ലൈസന്‍സ് തപാലില്‍ വേണമെന്നുള്ളവര്‍ തപാല്‍ ഫീസ് കൂടി ചേര്‍ത്താണ് അടയ്‌ക്കേണ്ടത്.


ഒരു വര്‍ഷത്തേക്കാണ് സ്മാര്‍ട്ട് കാര്‍ഡിലേക്ക് മാറുന്നതിന് ഇളവുള്ളത്. അതിന് ശേഷം ഡൂപ്ലിക്കേറ്റ് ലൈസന്‍സിനായി 1200 രൂപയും തപാല്‍കൂലിയും നല്‍കേണ്ടി വരും. ആര്‍സി ബുക്കും ഇത്തരത്തില്‍ സ്മാര്‍ട്ടാക്കി മാറ്റാം. പുതിയ ഡ്രൈവിങ് ലൈസന്‍സുകള്‍ രാജ്യാന്തര നിലവാരത്തിലാക്കുമെന്ന് മന്ത്രി അറിയിച്ചു. ആധികാരിക രേഖയായി ഇവ ഉപയോഗിക്കാന്‍ കഴിയുമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും വ്യക്തമാക്കി. ഏഴ് സുരക്ഷാ ഫീച്ചറുകളോട് കൂടിയ പിവിസി പെറ്റ് ജി കാര്‍ഡിലുളള ലൈസന്‍സുകളാണ് സംസ്ഥാനത്ത് പുതുതായി വരുന്നത്. ക്യൂ ആര്‍ കോഡ്, യു വി എംബ്ലം, സീരിയല്‍ നമ്പര്‍, ഗില്ലോച്ചെ പാറ്റേണ്‍, ഹോട്ട് സ്റ്റാമ്പ്ഡ് ഹോളോഗ്രാം, മൈക്രോ ടെക്സ്റ്റ്, ഒപ്റ്റിക്കല്‍ വേരിയബിള്‍ ഇങ്ക് എന്നിങ്ങനെയുളള സുരക്ഷാ ഫീച്ചറുകളാണ് ഡ്രൈവിങ് ലൈസന്‍സിലുള്ളത്. മിനിസ്ട്രി ഓഫ് റോഡ് ട്രാന്‍സ്പോര്‍ട്ട് ഹൈവേയ്സിന്റെ മാനദണ്ഡ പ്രകാരമാണ് ഡ്രൈവിങ് ലൈസന്‍സിന്റെ കാര്‍ഡ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ മന്ത്രി പി രാജീവിന് കാര്‍ഡ് കൈമാറിയാണ് സ്മാര്‍ട്ട് ഡ്രൈവിങ് ലൈസന്‍സിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad