Type Here to Get Search Results !

പാൻ-ആധാർ കാർഡ് വിവരങ്ങൾ നൽകാത്ത ചെറുകിട നിക്ഷേപ അക്കൗണ്ടുകൾ ഒക്ടോബർ 1 മുതൽ മരവിപ്പിക്കും- കേന്ദ്ര സര്‍ക്കാര്‍



പാൻ കാർഡും ആധാറും തമ്മിൽ ബന്ധിപ്പിക്കുന്നതിനുള്ള അവസാന തീയതി ജൂൺ 30 വരെ നീട്ടിയതിന് പിന്നാലെ പുതിയ ഉത്തരവുമായി കേന്ദ്ര ധനമന്ത്രാലയം. ചെറുകിട സമ്പാദ്യ പദ്ധതികളിലെ നിക്ഷേപങ്ങൾക്കും ഇനി മുതൽ നിങ്ങളുടെ പാൻ നമ്പറും ആധാറും നിർബന്ധമാണെന്ന് ധനമന്ത്രാലയം മാർച്ച് 31 ലെ ഉത്തരവിൽ പറയുന്നു. നിലവിൽ 50,000 രൂപക്ക് മുകളിലുള്ള നിക്ഷേപങ്ങൾക്കും പിൻവലിക്കലിനും കെ.വൈ.സി നിർബന്ധമായിരുന്നു. എന്നാൽ ഇപ്പോൾ ചെറുകിട സമ്പാദ്യ പദ്ധതികൾക്കടക്കം കെ.വൈ.സി നിർബന്ധമാക്കി ഉത്തരവിറക്കിയിരിക്കുകയാണ് കേന്ദ്ര സർക്കാർ.


പിപിഎഫ്, സുകന്യ സമൃദ്ധി യോജന, നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ് തുടങ്ങിയ ചെറുകിട സമ്പാദ്യ പദ്ധതികളിൽ നിക്ഷേപിച്ച വരിക്കാർ സെപ്റ്റംബർ 30നകം ആധാർ നമ്പർ സമർപ്പിക്കണമെന്ന് വിജ്ഞാപനത്തിൽ പറയുന്നു.


ആറ് മാസത്തിനകം ആധാർ വിവരങ്ങൾ സമർപ്പിച്ചില്ലെങ്കിൽ ഈ വർഷം ഒക്ടോബർ ഒന്ന് മുതൽ ചെറുകിട സമ്പാദ്യ പദ്ധതി അക്കൗണ്ട് മരവിപ്പിക്കും എന്നും ഉത്തരവിൽ പറയുന്നു. ആധാർ നമ്പർ ലഭിക്കാത്തവർ ആധാറിനായി അപേക്ഷിച്ച എൻറോൾ നമ്പർ നൽകിയാൽ മതിയെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.


പുതിയ സേവിംഗ്‌സ് അക്കൗണ്ട് തുറക്കുമ്പോൾ പാൻ നമ്പർ നൽകണമെന്നും ധനമന്ത്രാലയത്തിന്റെ ഉത്തരവിൽ പറയുന്നു. അക്കൗണ്ട് തുറക്കുന്ന സമയത്ത് പാൻ വിവരങ്ങൾ സമർപ്പിച്ചില്ലെങ്കിൽ അത് രണ്ട് മാസത്തിനുള്ളിൽ ചെയ്യണം എന്നും ഉത്തരവിൽ വ്യക്തമാക്കുന്നു. അക്കൗണ്ടിൽ 50,000 രൂപയിൽ കൂടുതൽ ബാലൻസ് നിലനിർത്തുന്നവരും പാൻ കാർഡ് വിവരങ്ങൾ നൽകണമെന്നും ധനമന്ത്രാലയത്തിൻ്റെ ഉത്തരവിലുണ്ട്.


അക്കൗണ്ടിൽ നിന്ന് ഒരു മാസത്തിനുള്ളിൽ നടത്തുന്ന പിൻവലിക്കലുകളുടെയും കൈമാറ്റങ്ങളുടെയും ആകെ തുക 10,000 രൂപയിൽ കൂടുതലാണെങ്കിലും പാൻ വിവരങ്ങൾ നൽകണം. കൂടാതെ ഏതെങ്കിലും സാമ്പത്തിക വർഷത്തിൽ അക്കൗണ്ടിലെ എല്ലാ ക്രെഡിറ്റുകളുടെയും ആകെ തുക ഒരു ലക്ഷത്തിൽ കൂടുതലാണെങ്കിലും പാൻ വിശദാംശങ്ങൾ സമർപ്പിക്കേണ്ടതുണ്ട് എന്നും ധനമന്ത്രാലയത്തിൻ്റെ പുതിയ ഉത്തരവിൽ പറയുന്നു.


നിശ്ചിത സമയത്തിനുള്ളിൽ വരിക്കാരൻ പാൻ വിശദാംശങ്ങൾ സമർപ്പിച്ചിട്ടില്ലെങ്കിൽ പാൻ നമ്പർ നൽകുന്നതുവരെ അക്കൗണ്ട് പ്രവർത്തനരഹിതമാകുമെന്ന് കേന്ദ്ര സർക്കാറിൻ്റെ അറിയിപ്പിൽ പറയുന്നു.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad