ന്യൂഡല്‍ഹി: രാത്രിയിലെ ട്രെയിന്‍ യാത്രക്കാര്‍ക്ക് പുതിയ നിയമവുമായി ഇന്ത്യന്‍ റെയില്‍വേ. രാത്രി 10 മണിക്ക് ശേഷം ബാധകമാകുന്ന നിയമമാണ് നടപ്പിലാക്കാൻ പോകുന്നത്. ഉച്ചത്തില്‍ ശബ്ദമുണ്ടാക്കാനോ പാട്ട് കേള്‍ക്കാനോ അനാവശ്യമായി വെട്ടം തെളിക്കാനോ പാടില്ലെന്ന് നിയമത്തില്‍ പറയുന്നു. നിയമം ലംഘിച്ചാല്‍ കര്‍ശന നടപടിയെടുക്കുമെന്നും റെയില്‍വേ അറിയിച്ചു.അതത് കോച്ചുകളിലോ സീറ്റ്കളിലോ കമ്പാര്‍ട്ട്‌മെൻ്റുകളിലോ ഉള്ള യാത്രക്കാര്‍ ഇയര്‍ഫോണുകള്‍ ഉപയോഗിച്ച് മാത്രമേ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ പാടുള്ളൂ. ട്രെയിനുകളില്‍ പൊതു മര്യാദ പാലിക്കണം. പുകവലി, മദ്യപാനം, യാത്രക്കാരുടെ സ്വീകാര്യതക്കെതിരായ പ്രവര്‍ത്തനങ്ങള്‍ എന്നിവ യാത്രയില്‍ അനുവദനീയമല്ലെന്നും റെയില്‍വേ നിയമത്തില്‍ പറയുന്നു.
കൂടാതെ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന യാത്രക്കാരെ കണ്ടെത്താന്‍ ഓണ്‍ ബോര്‍ഡ് ടിടിഇ, കാറ്ററിംഗ് തൊഴിലാളികള്‍, റെയില്‍വേയിലെ മറ്റു ഉദ്യോഗസ്ഥര്‍ എന്നിവരെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. രാത്രി യാത്രക്കാര്‍ക്കായുള്ള റെയില്‍വേയുടെ നിയമങ്ങള്‍: 1. രാത്രി 10 മണിക്ക് ശേഷം ടിക്കറ്റ് പരിശോധിക്കാൻ ടിടിഇക്ക് വരാൻ കഴിയില്ല. 2. രാത്രിയില്‍ തെളിച്ചിരിക്കുന്ന ലൈറ്റുകള്‍ ഒഴികെ മറ്റു ലൈറ്റുകള്‍ അണക്കണം. 3. കൂട്ടമായി യാത്ര ചെയ്യുന്നവർക്ക് രാത്രി 10മണിക്ക് ശേഷം ആശയവിനിമയം നടത്താന്‍ കഴിയില്ല. 4. മിഡില്‍ ബെര്‍ത്ത് യാത്രക്കാരൻ സീറ്റ് നിവര്‍ത്തണമെന്ന ആവശ്യം ഉന്നയിച്ചാല്‍ താഴെ ബര്‍ത്തിലിരിക്കുന്നവര്‍ എതിര്‍ക്കാന്‍ പാടുള്ളതല്ല. 5. രാത്രി 10 മണിക്ക് ശേഷം ട്രെയിനില്‍ ഭക്ഷണം വില്‍ക്കാന്‍ പാടില്ല. എന്നാല്‍ ഇ- കാറ്ററിംഗ് സേവനങ്ങള്‍ ഉപയോഗിച്ച് ഭക്ഷണം ഓര്‍ഡര്‍ ചെയ്യാവുന്നതാണ്.