Type Here to Get Search Results !

അട്ടപ്പാടി മധു കൊലക്കേസ്; അന്തിമ വിധി നാളെ

 


 പാലക്കാട്: അട്ടപ്പാടി മധു കേസില്‍ മണ്ണാര്‍ക്കാട് എസ്‌സി-എസ്ടി കോടതി നാളെ വിധി പറയും. നാടകീയ രംഗങ്ങള്‍ക്കൊടുവിലാണ് കേസ് വിധി പ്രഖ്യാപനത്തിലേക്ക് എത്തുന്നത്. പ്രതികൾക്ക് ഹൈക്കോടതി അനുവദിച്ച ജാമ്യം വിചാരണ കോടതി റദ്ദാക്കിയ അസാധാരണ നടപടി കേസിൽ ഉണ്ടായി. കോടതിയിൽ കൂറുമാറിയ സാക്ഷി കക്കി മൂപ്പൻ പിന്നീട് കുറ്റബോധത്താൽ മൊഴി മാറ്റുന്ന കാഴ്ചയും വിചാരണയ്ക്കിടെ ഉണ്ടായി. പതിനൊന്ന് മാസം നീണ്ട സാക്ഷി വിസ്താരത്തിന് ശേഷമാണ് വിധി പ്രഖ്യാപനത്തിലേക്ക് കടക്കുന്നത്.

പ്രതികൾ സാക്ഷികളെ സ്വാധീനിക്കരുതെന്ന ഹൈക്കോടതിയുടെ ജാമ്യ വ്യവസ്ഥ 12 പ്രതികൾ ലംഘിച്ചതായി പ്രോസിക്യൂഷന് ശാസ്ത്രീയമായി തെളിയിക്കനായി. വിചാരണ കോടതി ജാമ്യം റദ്ദാക്കിയ ഒരാൾക്ക് മാത്രമാണ് ഹൈക്കോടതി ജാമ്യം നൽകിയത്. പൊലീസ് കസറ്റഡിയിലിരിക്കെ ഒരാൾ മരിച്ചാൽ നടത്തുന്ന മജിസ്റ്റീരിയൽ അന്വേഷണ റിപ്പോർട്ട് എങ്ങനെ വിചാരണ വേളയിൽ പ്രസക്തമാകുമെന്നതിനും മധുകേസ് സാക്ഷിയായി. 2018 ഫെബ്രുവരി 22നാണ് അട്ടപ്പാടി ആനവായ് കടുകമണ്ണ ഊരിലെ ആദിവാസി യുവാവ് മധു കൊല്ലപ്പെടുന്നത്. മോഷണ കുറ്റമാരോപിച്ച് ഒരു സംഘമാളുകള്‍ മധുവിനെ ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. 16 പ്രതികളാണ് കേസിലുള്ളത്. മൂവായിരത്തിലധികം പേജുകളുളള കുറ്റപത്രത്തില്‍ 122 സാക്ഷികളാണ് ഉണ്ടായിരുന്നത്. ഇതിൽ വിസ്തരിച്ചത് 103 പേരെയാണ്. 10 മുതൽ 17 വരെയുള്ള സാക്ഷികളാണ് രഹസ്യമൊഴി നൽകിയത്. മധുവിന്റെ ബന്ധുക്കൾ ഉള്‍പ്പടെ 24 പേര്‍ വിചാരണക്കിടെ കൂറുമാറിയിരുന്നു.

77 പേരാണ് പ്രോസിക്യൂഷന് അനുകൂലമായും മൊഴി നല്‍കിയത്. കൂറുമാറിയ വനം വകുപ്പിലെ താല്‍കാലിക ജീവനക്കാരായ നാലുപേരെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടു. ഇതിനിടെ കൂറുമാറിയ സാക്ഷികള്‍ കോടതിയിലെത്തി പ്രോസിക്യൂഷന് അനുകൂല മൊഴി നല്‍കി. കൂറുമാറിയ സാക്ഷിയുടെ കാഴ്ച പരിശോധിക്കുക എന്ന അപൂര്‍വങ്ങളില്‍ അപൂര്‍വമായ സംഭവത്തിനും മണ്ണാര്‍ക്കാട്ടെ പ്രത്യേക കോടതി സാക്ഷിയായി. സാക്ഷി സംരക്ഷണ നിയമം നടപ്പിലാക്കിയതോടെ കൂറുമാറ്റം ഒരു പരിധി വരെ തടയാനും പ്രോസിക്യൂഷന് കഴിഞ്ഞു.

കോടതിയിലെത്താതെ മൂന്ന് പ്രോസിക്യൂട്ടര്‍മാരാണ് കേസില്‍ നിന്നും മാറിയത്. 2022 ഫെബ്രുവരി 18നാണ് പുതിയ സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ സി രാജേന്ദ്രനും അഡീഷണല്‍ പ്രോസിക്യൂട്ടര്‍ രാജേഷ് എം മേനോനും ഹാജരായത്. സാക്ഷി വിസ്താരം തുടരുന്നതിനിടെ സാക്ഷികള്‍ നിരന്തരം കൂറു മാറിയതോടെ സ്പെഷ്യല്‍ പ്രോസിക്യൂട്ടറെ മാറ്റണമെന്ന് മധുവിന്റെ അമ്മ മല്ലി ആവശ്യപ്പെടുകയും, രാജേഷ് എം മേനോനെ പ്രോസിക്യൂട്ടറായി നിയമിക്കുകയുമായിരുന്നു.

Top Post Ad

Below Post Ad