Type Here to Get Search Results !

വയനാട്ടില്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചില്ല



 കല്‍പ്പറ്റ: വയനാട് ലോക്‌സഭ മണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് തിയ്യതി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചില്ല. കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിനോടൊപ്പം വയനാട് മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പും പ്രഖ്യാപിച്ചേക്കും എന്ന അഭ്യൂഹങ്ങള്‍ ശക്തമായിരുന്നു. എന്നാല്‍ തിടുക്കപ്പെട്ട് വയനാട്ടില്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാന്‍ കമ്മീഷന്‍ തയ്യാറായില്ല. മെയ് 10 ന് ഒറ്റ ഘട്ടമായാണ് കര്‍ണാടകത്തില്‍ വോട്ടെടുപ്പ് നടക്കുക. മെയ് 13 നാണ് വോട്ടെണ്ണല്‍. ഏപ്രില്‍ 13 ന് വിജ്ഞാപനം പുറപ്പെടുവിക്കും. എണ്‍പത് വയസ്സിന് മുകളിലുള്ളവര്‍ക്ക് വീട്ടിലിരുന്ന് വോട്ടു ചെയ്യാം. അംഗപരിമിതര്‍ക്കും വീട്ടില്‍ നിന്നു തന്നെ വോട്ടു ചെയ്യാനുള്ള സൗകര്യം ഒരുക്കും. 50,282 പോളിംങ് ബൂത്തുകളാണ് സംസ്ഥാനത്തുള്ളത്. 5 കോടി 21 ലക്ഷം വോട്ടര്‍മാരാണ് ഇക്കുറി കര്‍ണാടകയിലുള്ളത്. 2 കോടി 59 ലക്ഷം സ്ത്രീകള്‍, 2 കോടി 62 ലക്ഷം പുരുഷന്‍മാര്‍. ഇതില്‍ 9,17,241 പുതിയ വോട്ടര്‍മാരാണ്.

224 സീറ്റുകളാണ് കര്‍ണാടകാ നിയമസഭയിലുള്ളത്. നിലവില്‍ 119 സീറ്റുകളാണ് ബിജെപിക്കുള്ളത്. കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷത്തിന് 103 സീറ്റുകളുണ്ട്. ദക്ഷിണേന്ത്യയില്‍ ബിജെപി ഭരിക്കുന്ന ഏക സംസ്ഥാനമാണ് കര്‍ണാടക. കര്‍ണാടകയില്‍ ഭരണം നിലനിര്‍ത്തുക എന്നത് ബിജെപിയെ സംബന്ധിച്ച് ഏറെ നിര്‍ണായകമാണ്. അതേസമയം കര്‍ണാടക തിരിച്ചു പിടിക്കുക എന്ന ലക്ഷ്യവുമായാണ് കോണ്‍ഗ്രസ് മത്സര രംഗത്തുള്ളത്. നരേന്ദ്ര മോദിയും രാഹുല്‍ ഗാന്ധിയും തമ്മില്‍ നേരിട്ടുള്ള പോരാട്ടം എന്ന നിലക്കാണ് ഈ തിരഞ്ഞെടുപ്പ് വിലയിരുത്തപ്പെടുക. ലോകസഭാ തിരഞ്ഞെടുപ്പിന് മുമ്പ് നടക്കുന്ന പ്രധാന തിരഞ്ഞെടുപ്പ് എന്ന രാഷ്ട്രീയ പ്രാധാന്യവും കര്‍ണാടകാ തിരഞ്ഞെടുപ്പിനുണ്ട്. കര്‍ണാടകയിലെ കോലാറില്‍ നടത്തിയ പ്രസംഗത്തിലെ ഒരു പരാമര്‍ശത്തിന്റെ പേരിലാണ് രാഹുല്‍ ഗാന്ധി ലോക്‌സഭയില്‍ നിന്നും അയോഗ്യനാക്കപ്പെട്ടത്. ഇതിനോടുള്ള ജനങ്ങളുടെ പ്രതികരണം കൂടിയായിരിക്കും കര്‍ണാടകയിലെ തിരഞ്ഞെടുപ്പ് ഫലം എന്ന വിലയിരുത്തലുമുണ്ട്. തിരഞ്ഞെടുപ്പ് സര്‍വേകള്‍ കോണ്‍ഗ്രസിന് നേരിയ മുന്‍തൂക്കം പ്രവചിച്ചിട്ടുണ്ട്.

Top Post Ad

Below Post Ad