കഴിഞ്ഞ വർഷം ഡിസംബർ 31വരെ സാമൂഹ്യ സുരക്ഷാ പെൻഷൻ അനുവദിക്കപ്പെട്ടവരെല്ലാം ജൂൺ 30നകം അക്ഷയ കേന്ദ്രങ്ങൾ വഴി ബയോമെട്രിക് മസ്റ്ററിംഗ് നടത്തണമെന്ന് സർക്കാർ. കിടപ്പുരോഗികൾ, പ്രായമായവർ, മാനസികവെല്ലുവിളി നേരിടുന്നവർ മുൻകൂട്ടി അറിയിച്ചാൽ അക്ഷയകേന്ദ്രം പ്രതിനിധി വീട്ടിലെത്തി മസ്റ്ററിംഗ് നടത്തും.
നിശ്ചിത സമയപരിധിക്കുള്ളിൽ മസ്റ്ററിംഗ് പൂർത്തിയാക്കിയവർക്ക് മാത്രമേ തുടർന്നും പെൻഷൻ ലഭിക്കു.
അക്ഷയ കേന്ദ്രങ്ങളിലെത്തി മസ്റ്ററിംഗ് ചെയ്യുന്നതിന് 30 രൂപയും വീടുകളിൽ പോയി മസ്റ്റർ ചെയ്യുന്നതിന് 50 രൂപയും ഫീസായി നൽകണം.
ആധാറില്ലാതെ സാമൂഹ്യസുരക്ഷാ പെൻഷൻ അനുവദിക്കപ്പെട്ട 85 വയസ് കഴിഞ്ഞവർ, 80 ശതമാനത്തിലധികം ശാരീരിക വൈകല്യമുള്ളവർ, സ്ഥിരമായി രോഗശയ്യയിലുള്ളവർ, ആധാറില്ലാതെ പെൻഷൻ അനുവദിക്കപ്പെട്ട ക്ഷേമനിധി ബോർഡ് ഗുണഭോക്താക്കൾ, ബയോമെട്രിക് മസ്റ്ററിംഗ് പരാജയപ്പെടുന്നവർ എന്നിവർ ബന്ധപ്പെട്ട പ്രാദേശിക ഭരണകേന്ദ്രങ്ങളിലോ, ക്ഷേമനിധി ബോർഡുകളിലോ ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിച്ച് മസ്റ്ററിംഗ് പൂർത്തിയാക്കണം. 2024 മുതൽ എല്ലാവർഷവും ജനുവരി ഒന്നു മുതൽ ഫെബ്രുവരി 29നകം തൊട്ടുമുൻപുള്ള വർഷം ഡിസംബർ 31 വരെ പെൻഷൻ അനുവദിക്കപ്പെട്ട ഗുണഭോക്താക്കൾ ബയോമെട്രിക് മസ്റ്ററിംഗ് നടത്തണമെന്നും സർക്കാർ ഉത്തരവിട്ടു.