സംസ്ഥാനത്ത് റോഡുകളില്‍ സ്ഥാപിച്ച 726 നിര്‍മ്മിത ബുദ്ധി ഉള്‍പ്പെടെ 1000 പുതിയ ഹൈടെക് കാമറകള്‍ വഴി ട്രാഫിക് നിയമ ലംഘനങ്ങള്‍ കണ്ടെത്തി അടുത്ത മാസം മുതല്‍ പിഴ ഈടാക്കി തുടങ്ങും. ഇപ്പോള്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഇവ പ്രവര്‍ത്തിപ്പിച്ച് നോക്കുന്നുണ്ട്.
ജനരക്ഷയ്ക്കാണ് ഇവയെന്ന് മോട്ടോര്‍ വാഹന വകുപ്പ് അവകാശപ്പെടുന്നുണ്ടെങ്കിലും പിഴ ചുമത്തുന്നതിലൂടെ നല്ലൊരു വരുമാനം കൂടിയാണ് പ്രതീക്ഷ.
പിഴയിനത്തില്‍ ആദ്യവര്‍ഷം ലക്ഷ്യമിടുന്നത് 261.1 കോടിയാണെന്ന് മോട്ടോര്‍ വാഹന വകുപ്പ് നേരത്തെ തയ്യാറാക്കിയ റിപ്പോര്‍ട്ടിലുണ്ട്. നിര്‍മ്മിത ബുദ്ധി കാമറകള്‍ പകലും രാത്രിയും പ്രവര്‍ത്തിക്കുമ്പോഴാണ് ഏറ്റവും കൂടുതല്‍ വരുമാനം ലഭിക്കുക. 245 കോടി. 236 കോടി ചെലവിട്ടാണ് കാമറകള്‍ സ്ഥാപിച്ചത്.
ആദ്യ വര്‍ഷം തന്നെ ഇതില്‍ കൂടുതല്‍ പിഴയായി ലഭിക്കും. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ പിഴയുടെ എണ്ണം ക്രമമായി കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. അഞ്ചു വര്‍ഷം ആകുമ്ബോഴേക്കും ഇതുമായി ബന്ധപ്പെട്ട ചെലവുകളെല്ലാം കഴിഞ്ഞ് സര്‍ക്കാരിന് കുറഞ്ഞത് 188 കോടി ലാഭം കിട്ടുമെന്നാണ് റിപ്പോര്‍ട്ടില്‍.അപകടമേഖലകള്‍ (ബ്ലാക്ക് സ്പോട്ടുകള്‍) മാറുന്നതനുസരിച്ച് കാമറകള്‍ പുനര്‍വിന്യസിക്കും. അതിനാല്‍ കാമറകളുടെ സ്ഥാനം മനസിലാക്കി സ്ഥിരമായി ഇവ ഒഴിവാക്കി പോകാനാകില്ല.
മൊബൈല്‍ യൂണിറ്റുകളും ഉടന്‍മൊബൈല്‍ കാമറ യൂണിറ്റുകളും ഉടന്‍ നിരത്തിലിറങ്ങും. സൗരോര്‍ജ്ജത്തിലാണ് പ്രവര്‍ത്തനം. 97 ഡിഗ്രിയില്‍ കറങ്ങി വാഹനങ്ങളെ നിരീക്ഷിക്കുന്ന ത്രീഡി ഡോപ്ലര്‍ കാമറകളാണ് ഇവ.
അതേസമയം, വാഹന പരിശോധനയിലൂടെ പ്രതിമാസം 500 മുതല്‍ 1500 വരെ കേസുകള്‍ കണ്ടെത്തി പിഴ ചുമത്തണമെന്നാണ് പൊലീസ് സ്റ്റേഷന്‍ ഓഫീസര്‍മാര്‍ക്ക് മുകളില്‍ നിന്നുള്ള നിര്‍ദ്ദേശം.
എസ്.ഐയുടെ മര്‍ദ്ദനത്തിനിരയായ തൃപ്പൂണിത്തുറ സ്വദേശി മനോഹരന്‍ കുഴഞ്ഞുവീണ് മരിച്ചതുപോലുള്ള സംഭവങ്ങള്‍ ഉണ്ടാകുന്നത് ഇത്തരം വാഹന പരിശോധനകളിലൂടെയാണ്. എസ്.ഐ റാങ്കിലുള്ളവര്‍ മാത്രമേ വാഹനത്തിന് കൈ കാണിക്കാന്‍ പാടുള്ളൂവെന്നാണ് ഡി.ജി.പിയുടെ നിര്‍ദ്ദേശമെങ്കിലും സി.പി.ഒയും ഹോംഗാര്‍ഡുമൊക്കെ വാഹനപരിശോധനയില്‍ ഉണ്ടാകും.