ദില്ലി: തൈര് പാക്കറ്റുകളില്‍ ഹിന്ദി വാക്കായ ദഹിയെന്ന് എഴുതണമെന്ന ഉത്തരവ് തിരുത്തി ഭക്ഷ്യസുരക്ഷാ അതോറിറ്റി.
തൈരിന്റെ പ്രാദേശിക പദത്തിന് പകരം 'ദഹി' എന്ന ഹിന്ദി വാക്ക് ചേര്‍ക്കണമെന്ന ഭക്ഷ്യസുരക്ഷാ അതോറിറ്റിയുടെ തീരുമാനമാണ് പ്രതിഷേധത്തെ തുടര്‍ന്ന് പിന്‍വലിച്ചത്. ദഹി എന്ന ഹിന്ദി വാക്ക് എഴുതാനുള്ള നീക്കം തമിഴ്നാട്ടിലും കര്‍ണാടകയിലും പ്രതിഷേധം ഉയര്‍ത്തിയതിന് പിന്നാലെയാണ് തീരുമാനം മാറ്റിയത്. ഹിന്ദി അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നുവെന്ന വിമര്‍ശനമാണ് തമിഴ്നാട്ടിലും കര്‍ണാടകയിലും ഉയര്‍ന്നത്. കേര്‍ഡ് എന്നതിനൊപ്പം അതാത് സംസ്ഥാനങ്ങളിലെ പ്രാദേശിക ഭാഷകളിലെ പദങ്ങളും എഴുതാമെന്ന് ഭക്ഷ്യസുരക്ഷ അതോറിറ്റി അറിയിച്ചു.
തൈര് പാക്കറ്റുകളില്‍ ഹിന്ദി ലേബല്‍ കൊണ്ടുവരുന്നതിനെതിരെ തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ രംഗത്തെത്തിയിരുന്നു. ഹിന്ദി അടിച്ചേല്‍പ്പിക്കുന്ന നടപടിയെ എതിര്‍ക്കുമെന്ന് സ്റ്റാലിന്‍ മുന്നറിയിപ്പ് നല്‍കി. തൈര് പാക്കറ്റുകളില്‍ കൂടി ഹിന്ദി ഉപയോഗിക്കണമെന്ന നിലയിലേക്കെത്തി നില്‍ക്കുകയാണ് കാര്യങ്ങള്‍. കന്നടയേയും തമിഴിനേയും ഇതിലൂടെ ഇകഴ്ത്തുകയാണെന്നും സ്റ്റാലിന്‍ പറഞ്ഞു. മില്‍ക്ക് ഫെഡറേഷനുകളോടും ക്ഷീര ഉത്പാദകരോടും ഉല്‍പ്പന്നങ്ങളുടെ പേര് മാറ്റണമെന്ന് നിര്‍ദ്ദേശിക്കുകയായിരുന്നു. ചീസ്, വെണ്ണ ഉല്‍പ്പന്നങ്ങള്‍ക്കും ഇത് ബാധകമാകും. തമിഴ്നാട്ടിലേയും കര്‍ണാടകയിലേയും മില്‍ക്ക് ഫെഡറേഷനുകളില്‍ ദഹി എന്ന ലേബല്‍ ഉപയോഗിക്കണമെന്നുള്ള പത്രവാര്‍ത്ത ഷെയര്‍ ചെയ്തു കൊണ്ടാണ് സ്റ്റാലിന്റെ പ്രതികരണം.
കര്‍ണാടകയിലും പ്രതിഷേധമുണ്ടായതി. പാക്കറ്റുകളില്‍ ദഹി എന്ന് പ്രാധാന്യത്തോടെ എഴുതുകയും ബ്രാക്കറ്റില്‍ "മൊസാരു" എന്ന കന്നഡ പദം കൂടി ഉപയോഗിക്കുന്നതിനാണ് നിര്‍ദേശം നല്‍കിയത്. ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യയില്‍ നിന്ന് ഹിന്ദിയുമായി ബന്ധപ്പെട്ടുള്ള കത്ത് ലഭിച്ചെന്ന് ബെംഗളൂരു മില്‍ക്ക് യൂണിയന്‍ ലിമിറ്റഡ് പ്രസിഡന്റ് നരസിംഹമൂര്‍ത്തി പറഞ്ഞു. എന്നാല്‍ ഹിന്ദി സ്വീകരിക്കുമെന്നും ഇതുമായി ബന്ധപ്പെട്ട് ഒരു അവലോകനം ആവശ്യപ്പെട്ട് തിരിച്ച് കത്തയച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.