ഗാന്ധിനഗർ: രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ മാനനഷ്ടക്കേസിൽ ശിക്ഷ വിധിച്ച സൂറത്ത് കോടതി മജിസ്ട്രേറ്റിന് ജില്ലാ ജഡ്ജിയായി സ്ഥാനക്കയറ്റം. ഹരീഷ് ഹസ്മുഖ് വർമയ്ക്കാണ് ജില്ലാ ജഡ്ജിയായി സ്ഥാനക്കയറ്റം ലഭിച്ചത്. ഗുജറാത്തിലെ വഡോദര സ്വദേശിയായ ഹരീഷ് ഹസ്മുഖ് വർമ നിലവിൽ സൂറത്ത് കോടതി സിജെഎം ആണ്. മഹാരാജ സായാജിറാവു കോളേജിൽ നിന്നാണ് ഹരീഷ് ഹസ്മുഖ് വർമ എൽഎൽബി പൂർത്തിയാക്കിയത്. ഇതിന് ശേഷം ജുഡീഷ്യൽ ഓഫീസറായി. ജുഡീഷ്യൽ സർവീസിൽ പത്ത് വർഷത്തിലേറെ അനുഭവ സമ്പത്തുണ്ട് ഹരീഷ് ഹസ്മുഖ് വർമയ്ക്ക്.
അതേസമയം മാനനഷ്ടക്കേസിൽ സൂറത്ത് വിധിക്കെതിരായ അപ്പീൽ ഏപ്രിൽ അഞ്ചിന് മുമ്പ് സമർപ്പിക്കും. മനു അഭിഷേക് സിങ് വി ഉൾപ്പെടുന്ന കോൺഗ്രസിന്റെ നിയമ വിഭാഗം രാഹുലിനെതിരായ എല്ലാ കേസുകളും ഏറ്റെടുത്തതായാണ് വിവരം. മോദി പരാമർശത്തിനെതിരെ ഫയൽ ചെയ്ത ഹർജിയിൽ നേരിട്ട് ഹാജരാകാൻ ആവശ്യപ്പെട്ട് പട്ന കോടതി രാഹുലിന് നോട്ടീസ് അയച്ചിട്ടുണ്ട്. ബിജെപി എംഎൽഎ പൂർണേഷ് മോദി നൽകിയ പരാതിയിലാണ് സൂറത്ത് കോടതി വിധി പറഞ്ഞത്. രാഹുൽ ഗാന്ധിക്ക് രണ്ട് വർഷം തടവ് വിധിച്ചിരുന്നു. വിധിക്ക് പിന്നാലെ 15,000 രൂപയുടെ ബോണ്ടിൽ രാഹുൽ ഗാന്ധിക്ക് ജാമ്യം ലഭിച്ചിരുന്നു. രാജ്യത്തിന്റെ വിവിധ കോടതികളിൽ ഒമ്പത് അപകീർത്തി കേസുകളാണ് രാഹുൽ ഗാന്ധിക്കെതിരെയുളളത്. മോദി പരാമർശത്തിൽ സൂറത്ത് കോടതിയെ കൂടാതെ നാല് കോടതികളിൽ കേസ് നിലവിലുണ്ട്. മോദി പരാമർശത്തിൽ രാഹുൽ ഗാന്ധിയെ കോടതി കയറ്റുമെന്ന് പറഞ്ഞ് ലളിത് മോദിയും രംഗത്തെത്തിയിട്ടുണ്ട്.