രാഹുൽ ഗാന്ധി അയോഗ്യനാക്കപ്പെട്ട സാഹചര്യത്തിൽ വയനാട്ടിൽ ഉപതെരഞ്ഞെടുപ്പ് നടന്നാൽ സഹോദരിയും കോൺഗ്രസ് ജനറൽ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധി മത്സരിച്ചേക്കും. രാഹുൽ ഗാന്ധിക്കെതിരായ അപകീർത്തി കേസിലെ കോടതി നടപടി നിരീക്ഷിച്ച ശേഷം ഇക്കാര്യത്തിൽ അന്തിമ തീരുമാനമുണ്ടായേക്കും. നിലവിൽ ഇതുവരെ ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ നടന്നിട്ടില്ലെന്നാണ് കോൺഗ്രസ് നേതാക്കളിൽ നിന്നുള്ള സൂചന. കോടതിയിൽ നിന്നും രാഹുലിന് സ്റ്റേ ലഭിച്ചില്ലെങ്കിലാകും ഉപതെരഞ്ഞെടുപ്പെന്നതിലേക്ക് തെരഞ്ഞെടുപ്പ് കമ്മീഷനെത്തുക. എംപി സ്ഥാനത്ത് നിന്നും അയോഗ്യനാക്കപ്പെട്ടതിന് ശേഷമുള്ള രാഹുൽ ഗാന്ധിയുടെ ആദ്യ വാർത്ത സമ്മേളനം വീക്ഷിക്കാൻ പ്രിയങ്ക ഗാന്ധിയും ഇന്ന് ദില്ലിയിലെ എഐസിസി ആസ്ഥാനത്തെത്തിയിരുന്നു.
അതേ സമയം, കർണ്ണാടകയ്ക്കൊപ്പം വയനാട്ടിലെ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്ന കാര്യം ആലോചനയിലെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യത്തങ്ങളിൽ നിന്നുള്ള സൂചന. രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയെന്ന അറിയിപ്പ് ലോക്സഭ സെക്രട്ടറിയേറ്റ് ഇന്നലെ തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറിയിരുന്നു. വിഷയം നിയമവിദഗ്ധരുമായി ചർച്ച ചെയ്യുന്നുവെന്ന സൂചനയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ വൃത്തങ്ങൾ നല്കുന്നത്.
ലക്ഷദ്വീപ് എംപി മുഹമ്മ് ഫൈസലിനെ അയോഗ്യനാക്കിയ ഉടൻ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരുന്നു. ജനുവരി പതിനെട്ടിനായിരുന്നു പ്രഖ്യാപനം. എന്നാൽ ഒരാഴ്ചയ്ക്കുള്ളിൽ ഇത് പിൻവലിക്കേണ്ടി വന്നു. ഈ സാഹചര്യത്തിൽ അടിയന്തര നീക്കം വേണ്ടെന്ന ചിന്തയിലാണ് കമ്മീഷൻ. അടുത്ത മാസം പത്തിനു മുമ്പ് കർണ്ണാടകയിലെ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഉണ്ടാകും. ഇതിനൊപ്പം വയനാടും പ്രഖ്യാപിക്കാമെന്നാണ് ആലോചന. അപ്പോഴേക്കും സെഷൻസ് കോടതി രാഹുലിന് എന്തെങ്കിലും ഇളവ് നല്കുന്നുണ്ടോ എന്ന കാര്യവും വ്യക്തമാകും. സാധാരണ ഒരു മണ്ഡലത്തിൽ ഒഴിവു വന്നാൽ ആറു മാസത്തിനകം തെരഞ്ഞെടുപ്പ് നടന്നാൽ മതി. അതായത് വയനാടിൻറെ കാര്യത്തിൽ സപ്തംബർ 22 വരെ സമയമുണ്ട്. പൊതുതെരഞ്ഞെടുപ്പിന് ഒരു വർഷത്തിൽ താഴെ സമയം ഉള്ളപ്പോൾ ലോക്സഭ സീറ്റുകൾ മത്സരം നടത്താതെ ഒഴിച്ചിട്ട കീഴ്വഴക്കവുമുണ്ട്