തിരുവനന്തപുരം: തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന് നേട്ടം. 11 സീറ്റുകളിൽ വിജയിച്ച യുഡിഎഫ് ആറ് സീറ്റുകൾ എൽഡിഎഫിൽ നിന്നും പിടിച്ചെടുത്തു. 7 സീറ്റുകളാണ് ഇടതുപക്ഷത്തിന് നഷ്ടമായത്.
മലപ്പുറം ജില്ലയിൽ ഉപതിരഞ്ഞെടുപ്പ് നടന്ന നാല് സീറ്റിലും യു ഡി എഫ് വിജയിച്ചു. മൂന്ന് വാർഡുകൾ നിലനിർത്തിയപ്പോൾ ഒരു വാർഡ് തിരിച്ചു പിടിച്ചു.
തിരുവല്ല കല്ലൂപ്പാറയിൽ ബിജെപി അട്ടിമറി ജയം നേടിയത്.
കൊല്ലം കോർപറേഷനിലെ മീനത്തുചേരി വാർഡ്, കോട്ടയം കടപ്ലാമറ്റം പഞ്ചായത്തിലെ 12 ആം വാർഡ്, കോഴിക്കോട് ചെറുവണ്ണൂരിലെ 15 വാർഡ്, സുൽത്താൻ ബത്തേരി നഗരസഭയിലെ പാളാക്കര വാർഡ്, തൃത്താല പഞ്ചായത്തിലെ നാലാം വാർഡ്, തിരുനാവായ പഞ്ചായത്തിലെ പതിനൊന്നാം വാർഡ് ഇവയാണ് യുഡിഎഫ് എൽഡിഎഫിൽ നിന്നും തിരിച്ചു പിടിച്ചത്.
തിരുവനന്തപുരം കടയ്ക്കാവൂർ പഞ്ചായത്തിലെ നിലയ്ക്കാമുക്ക് വാർഡാണ് യുഡിഎഫിൽ നിന്ന് എൽഡിഎഫ് പിടിച്ചെടുത്തത്. കോൺഗ്രസ് അംഗമായിരുന്ന ബീനാരാജീവ് രാജിവച്ച് സിപിഎം സ്ഥാനാർത്ഥിയായി മത്സരിക്കുകയായിരുന്നു. 132 വോട്ടിനാണ് ജയം.
പത്തനംതിട്ട കല്ലൂപ്പാറ പഞ്ചായത്തിലെ ഏഴാം വാർഡിലാണ് എൻഡിഎയുടെ അപ്രതീക്ഷിത വിജയം. എൽഡിഎഫിൽ നിന്നും സീറ്റ് ബിജെപിയാണ് പിടിച്ചെടുത്തത്. 15 സീറ്റുകൾ എൽഡിഎഫ് നില നിർത്തിയപ്പോൾ 5 സീറ്റുകളാണ് യുഡിഎഫ് നില നിർത്തിയത്. ആലപ്പുഴ തണ്ണീർമുക്കത്ത് ബിജെപി സീറ്റ് നില നിർത്തി.
കണ്ണൂരിൽ തെരഞ്ഞെടുപ്പ് നടന്ന മൂന്ന് സീറ്റും എൽഡിഎഫ് നിലനിർത്തി. പാലക്കാട് ജില്ലാ പഞ്ചായത്ത് ആലത്തൂർ ഡിവിഷൻ എൽഡിഎഫ് സീറ്റ് നിലനിർത്തി.
യുഡിഎഫ് ജയത്തോടെ എരുമേലി പഞ്ചായത്തിൽ ഭരണമാറ്റത്തിന് സാധ്യതയേറി. 23 അംഗ പഞ്ചായത്തിൽ യുഡിഎഫിലെ ഒരംഗത്തിന്റെ പിന്തുണയിലാണ് എൽഡിഎഫ് ഭരണം പിടിച്ചത്. ഇടഞ്ഞു നിന്നിരുന്ന അംഗം ഇപ്പോൾ യുഡിഎഫുമായി ചേർന്നാണ് പ്രവർത്തിക്കുന്നത്. ഉപതിരഞ്ഞെടുപ്പ് ജയത്തോടെ 23 അംഗ പഞ്ചായത്ത് ഭരണ സമിതിയിൽ യുഡിഎഫിന്റെ അംഗബലം 12 ആയി.