Type Here to Get Search Results !

ബ്രഹ്‌മപുരം: ആരോഗ്യ പ്രവര്‍ത്തകര്‍ വീടുകളിലെത്തും, രോഗലക്ഷണം ഉള്ളവര്‍ക്ക് ചികിത്സ ഉറപ്പാക്കും



തിരുവനന്തപുരം: ബ്രഹ്മപുരം തീപിടിത്തത്തിന്റെ പശ്ചാത്തലത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ കൊച്ചിയിലെ വീടുകളിലെത്തി സര്‍വേ നടത്തും. തീപിടിത്തത്തെ തുടര്‍ന്നുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. 

തീപ്പിടിത്തത്തെ തുടര്‍ന്നും പുക ശ്വസിച്ചതുമായി ബന്ധപ്പെട്ടും രോഗലക്ഷണങ്ങള്‍ ഉള്ളവരുണ്ടെങ്കില്‍ അവരെ കണ്ടെത്തി വിദഗ്ധ ചികിത്സ ഉറപ്പാക്കും. കുട്ടികള്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍, മറ്റ് രോഗമുള്ളവര്‍ എന്നിവര്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും ആരോഗ്യമന്ത്രി നിര്‍ദേശിച്ചു. ശ്വാസകോശ സംബന്ധമായ ബുദ്ധിമുട്ടുള്ളവര്‍ എത്രയും വേഗം ഡോക്ടറെ കാണേണ്ടതാണ്. എല്ലാ ആശുപത്രികളിലും മതിയായ സൗകര്യങ്ങള്‍ ഉറപ്പ് വരുത്താനും ഉന്നതതല യോഗത്തില്‍ ആരോ​ഗ്യമന്ത്രി നിർദേശം നൽകി. 

നിലവിൽ മാലിന്യ മലകളില്‍നിന്ന് പുക ഉയരുന്നത് കുറഞ്ഞിട്ടുണ്ട്. കുറച്ചുഭാഗത്ത് പുക പൂര്‍ണതോതില്‍ ശമിച്ചു. എന്നാല്‍ പുകയ്ക്കു നേരിയ ശമനമായെങ്കിലും നഗരത്തില്‍ പ്ലാസ്റ്റിക് കത്തിയതിന്റെ രൂക്ഷഗന്ധം നിലനില്‍ക്കുന്നുണ്ട്. ജില്ലയില്‍ ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ക്കു ചികിത്സ തേടുന്നവരുടെ എണ്ണം വര്‍ദ്ധിച്ചതായാണ് റിപ്പോര്‍ട്ട്. ഈ പശ്ചാത്തലത്തിലാണ് ആരോഗ്യമന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നത്.

ശ്വാസകോശ വിഭാഗത്തിലും ജനറല്‍ ഒ.പി.യിലും ശിശുരോഗ വിഭാഗത്തിലുമാണ് കൂടുതല്‍ പേര്‍ ചികിത്സ തേടിയതെന്നാണ് വിവരം. ശ്വാസതടസ്സം, ശ്വാസംമുട്ടല്‍, ഛര്‍ദി, വയറിളക്കം തലവേദന, തൊണ്ടവേദന, ചൊറിച്ചില്‍, ദേഹാസ്വാസ്ഥ്യം തുടങ്ങിയ രോഗലക്ഷണങ്ങളുമായാണ് കൂടുതല്‍ പേരും ചികിത്സ തേടിയെത്തുന്നത്.

കൊച്ചി നഗരത്തിലും സമീപ പ്രദേശങ്ങളിലും മാലിന്യ നിര്‍മാജ്ജനത്തിന് വഴിയില്ലാതായതോടെ പ്രദേശവാസികള്‍ കടുത്ത പ്രതിസന്ധിയിലാണ്. മാലിന്യം വീടുകളില്‍ തന്നെ സൂക്ഷിക്കേണ്ട സ്ഥിതിയാണ്. കുമിഞ്ഞു കൂടിയ മാലിന്യങ്ങള്‍ പുഴുവരിക്കുന്ന അവസ്ഥയാണെന്നും ഇത് ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുകയാണെന്നും പ്രദേശവാസികള്‍ പറയുന്നു. ഫ്‌ലാറ്റുകളിലും മറ്റും കഴിയുന്നവരാണ് ഏറെ ബുദ്ധിമുട്ട് നേരിടുന്നത്.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad