ഭക്ഷണത്തിൽ രുചി കൂട്ടുന്നതിൽ ഉപ്പിന് വലിയ സ്ഥാനമാണുള്ളത്. ഉപ്പിന്റെ അളവ് കൂടിയാലും കുറഞ്ഞാലും രുചി പാടേ മാറും. മിതമായ അളവിൽ മാത്രം ഉപ്പ് ഉപയോഗിക്കുന്നതാണ് അഭികാമ്യം. എന്നാൽ പലരും ഭക്ഷണസാധനങ്ങളിൽ അളവില്ലാതെ ഉപ്പ് ഉപയോഗിക്കുന്നവരാണ്. ഇപ്പോഴിതാ ലോകാരോഗ്യസംഘടന വരെ ഇക്കാര്യത്തിൽ നിയന്ത്രണം വരുത്തേണ്ട സാഹചര്യത്തെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ്.
വ്യാഴാഴ്ച എല്ലാ രാജ്യങ്ങളെയും അഭിസംബോധന ചെയ്ത ലോകാരോഗ്യസംഘടന ആളുകളുടെ ഉപ്പിന്റെ ഉപയോഗം കുറയ്ക്കാനായി വിപുലമായ ശ്രമങ്ങൾ കൈക്കൊള്ളണമെന്ന് ആവശ്യപ്പെട്ടു. ഹൃദയസംബന്ധമായ ആരോഗ്യപ്രശ്നങ്ങൾ, പക്ഷാഘാതം, കാൻസർ മുതലായ രോഗങ്ങൾ പ്രതിരോധിക്കാനാണ് ഇതെന്നും ലോകാരോഗ്യസംഘടന വ്യക്തമാക്കി.
ഈ സാഹചര്യത്തിൽ മുന്നോട്ടു പോയാൽ 2025ഓടെ സോഡിയത്തിന്റെ ഉപഭോഗം 30 ശതമാനമായി കുറയ്ക്കണമെന്ന ലോകാരോഗ്യസംഘടനയുടെ ലക്ഷ്യം കൈവരിക്കാൻ കഴിയില്ലെന്ന വിലയിരുത്തലിലാണ് പുതിയ നിർദേശം. അഞ്ചുശതമാനം രാജ്യങ്ങൾ മാത്രമാണ് സോഡിയം കുറയ്ക്കാനുള്ള നിർബന്ധിതവും സമഗ്രവുമായ നയങ്ങൾ നടപ്പിലാക്കുന്നുള്ളു എന്നും ഇന്ത്യ ഉൾപ്പെടെയുള്ള 73 ശതമാനം രാജ്യങ്ങൾക്ക് അത്തരം നയങ്ങൾ നടപ്പിലാക്കാൻ കഴിയുന്നില്ലെന്നും ലോകാരോഗ്യസംഘടനയുടെ റിപ്പോർട്ടിൽ പറയുന്നു.
സോഡിയം കുറയ്ക്കാനുള്ള ഫലപ്രദമായ ഇടപെടലുകളിലൂടെ 2030 ആകുമ്പോഴേക്കും ഏഴു ദശലക്ഷം പേരുടെ ജീവൻ രക്ഷിക്കാനാകുമെന്നാണ് സംഘടന വിലയിരുത്തുന്നത്. സോഡിയം ഡയറ്റിൽ അവശ്യമായ പോഷകമാണെങ്കിലും അളവ് കൂടുന്നത് പല ഗുരുതര ആരോഗ്യ പ്രശ്നങ്ങളിലേക്കും വഴിവെക്കുന്ന സാഹചര്യമാണുള്ളത്.
ലോകാരോഗ്യസംഘടനയുടെ നിർദേശ പ്രകാരം ഒരു പ്രായപൂർത്തിയായ വ്യക്തി ഒരുദിവസം കഴിക്കേണ്ട ഉപ്പിന്റെ അളവ് അഞ്ചു ഗ്രാമിൽ കുറവാണ്. പക്ഷേ ഭൂരിഭാഗം പേരും 10.8 ഗ്രാം ഉപ്പ് ദിനവും ഡയറ്റിൽ ഉൾപ്പെടുത്തുന്നവരാണ് എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഇത് ബ്ലഡ് പ്രഷർ നില വർധിപ്പിക്കുകയും ഹൃദയാഘാതം, പക്ഷാഘാതം, വാസ്കുലർ ഡിമൻഷ്യ മുതലായ അവസ്ഥകളിലേക്ക് എത്തിക്കുകയും ചെയ്യുന്നു. ഇവയെല്ലാം കാലങ്ങളായി പലർക്കും അറിയുന്നതാണെങ്കിലും ഉപ്പിന്റെ ഉപയോഗത്തിൽ മാത്രം യാതൊരു കുറവും സംഭവിക്കുന്നില്ല.
ഉപ്പിന്റെ അമിതോപയോഗം മരണം ഉൾപ്പെടെയുള്ള അവസ്ഥകളിലേക്ക് ചെന്നെത്തിക്കാൻ സാധ്യതയുണ്ടെന്ന് പല മുൻപഠനങ്ങളും വ്യക്തമാക്കിയിരുന്നു. ഗ്യാസ്ട്രിക് കാൻസർ, അമിതവണ്ണം, ഓസ്റ്റിയോപൊറോസിസ്, കിഡ്നി രോഗങ്ങൾ തുടങ്ങിയവയ്ക്കെല്ലാം അമിത അളവിൽ ഉപ്പ് കഴിക്കുന്നത് കാരണമാകുന്നുവെന്ന് പഠനങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്.
അനാരോഗ്യകരമായ ഭക്ഷണരീതിയാണ് ആഗോളതലത്തിലെ മരണങ്ങളും അസുഖങ്ങളും ഉയർത്തുന്ന ഘടകങ്ങളിലൊന്ന്, അമിത അളവിൽ കഴിക്കുന്ന സോഡിയമാണ് പ്രധാന കുറ്റവാളി- ലോകാരോഗ്യസംഘടനയുടെ ഡയറക്ടർ ജനറൽ ടെഡ്രോസ് അഥനോ ഗെബ്രിയേസുസ് പറഞ്ഞു.
ഭക്ഷണത്തിലെ ഉപ്പിന്റെ അളവ് സംബന്ധിച്ച് ലോകാരോഗ്യസംഘടന നിർദേശിക്കുന്ന മാനദണ്ഡങ്ങൾ നടപ്പിലാക്കാൻ നിർമാതാക്കൾ തയ്യാറാകണമെന്നും ലോകാരോഗ്യസംഘടനയുടെ റിപ്പോർട്ടിൽ പറയുന്നു.
ഉപ്പിന്റെ അളവ് കൂടുന്നത് മാനസിക പ്രശ്നങ്ങൾക്കും കാരണമാകുന്നുണ്ടെന്ന് നേരത്തേ ഒരു പഠനത്തിൽ ഗവേഷകർ കണ്ടെത്തിയിരുന്നു.
ധാരാളം ഉപ്പ് അടങ്ങിയിട്ടുള്ള ഡയറ്റ് അമിത സമ്മർദം നൽകുമെന്നാണ് പഠനത്തിൽ പറഞ്ഞത്. എലികളിൽ നടത്തിയ പഠനത്തിൽ അമിത അളവിൽ ഉപ്പ് ഉപയോഗിച്ച ഡയറ്റ് നൽകിയ വിഭാഗത്തിന്റെ സ്ട്രെസ് ഹോർമോൺ 75 ശതമാനം വർധിച്ചതായി കണ്ടെത്തുകയായിരുന്നു. എഡിൻബർഗ് യൂണിവേഴ്സിറ്റിയിലെ ഗവേഷകരാണ് പഠനത്തിന് പിന്നിൽ.