Type Here to Get Search Results !

കര്‍ണാടക തെരഞ്ഞെടുപ്പ്: അതിര്‍ത്തി ചെക് പോസ്റ്റുകളില്‍ പരിശോധന ശക്തമാക്കി; രേഖകളില്ലാതെ 50,000 രൂപയില്‍ കൂടുതല്‍ പണം കൈവശം വെച്ചാല്‍ കണ്ടുകെട്ടും



കര്‍ണാടകയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ കര്‍ണാടക-കേരള സംസ്ഥാനങ്ങള്‍ക്കിടയിലുള്ള അതിര്‍ത്തി ചെക് പോസ്റ്റുകളില്‍ പൊലീസ് പരിശോധന ശക്തമാക്കി.


മാതൃകാ പെരുമാറ്റച്ചട്ടവും പ്രാബല്യത്തില്‍ വന്നിട്ടുണ്ട്. ഇതനുസരിച്ച്‌ 50,000 രൂപയോ അതിന് മുകളിലോ തുക കൈവശം വയ്ക്കുന്നവര്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് തെളിവ് നല്‍കണം. അല്ലാത്തപക്ഷം തുക കണക്കില്‍ പെടാത്തതായി കണ്ടുകെട്ടും.


കേരളത്തില്‍ നിന്ന് ബിസിനസ്, ചികിത്സ, വിദ്യാഭ്യാസ, അഡ്മിഷന്‍ ആവശ്യങ്ങള്‍ക്ക് അതിര്‍ത്തി കടന്നുവരുന്നവര്‍ ഏറെയാണ്. വലിയ തുകകള്‍ കൈവശം വെക്കുന്നവര്‍ മതിയായ രേഖകള്‍ കരുതേണ്ടത് പ്രധാനമാണ്. രേഖകള്‍ ഇല്ല എന്ന കാരണത്താല്‍ പിടിച്ചെടുക്കുന്ന പണം തെരഞ്ഞെടുപ്പ് പ്രക്രിയ കഴിഞ്ഞാല്‍ മാത്രമാണ് തിരികെ ലഭിക്കാന്‍ സാധ്യതയുള്ളത്. തെളിവില്ലാതെ അധിക പണം കൊണ്ടുപോകരുതെന്ന് അധികൃതര്‍ പൊതുജനങ്ങളോട് നിര്‍ദേശിച്ചു.


തലപ്പാടി ടോള്‍ ഗേറ്റിലാണ് കര്‍ണാടക സര്‍കാര്‍ പ്രധാന ചെക് പോസ്റ്റ് തുറന്നിരിക്കുന്നത്. കേരളത്തില്‍ നിന്ന് വരുന്ന എല്ലാ വാഹനങ്ങളും രണ്ടുതവണ പരിശോധിക്കും. ദേവിപുര റോഡില്‍ മറ്റൊരു ചെക് പോസ്റ്റും തുറന്നിട്ടുണ്ട്. സുള്ള്യ താലൂക് പരിധിയില്‍ കല്ലുഗുണ്ടി ജില്ലാ അതിര്‍ത്തി ചെക് പോസ്റ്റ്, സമ്ബാജെ ഫോറസ്റ്റ് ചെക് പോസ്റ്റ്, ജാല്‍സൂര്‍ പൊലീസ് ചെക് പോസ്റ്റ്, നാര്‍ക്കോട് സംസ്ഥാന അതിര്‍ത്തി പോസ്റ്റ് എന്നിവിടങ്ങളിലും പരിശോധന ശക്തമാക്കിയിട്ടുണ്ട്.


ബണ്ട് വാളില്‍ ശാരദ്ക, ആനേക്കല്ലു, കന്യാന, സാലെത്തൂറു, മേടു എന്നിവിടങ്ങളിലാണ് ചെക് പോസ്റ്റുകള്‍ സ്ഥാപിച്ചിരിക്കുന്നത്. മാര്‍ച് 27 ന് മേട് ചെക് പോസ്റ്റില്‍ നിന്ന് കണക്കില്‍ പെടാത്ത 1.5 ലക്ഷം രൂപ കണ്ടെടുത്തിരുന്നു. മംഗ്ളുറു കമീഷണറേറ്റില്‍ പെടുന്ന കൊണാജെ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ വരുന്ന ബോളിയാറു വിലേജിന്റെ അതിര്‍ത്തി പ്രദേശമായ ചേലൂരിന് സമീപം ഒരു ചെക് പോസ്റ്റ് തുറന്നിട്ടുണ്ട്.


എല്ലാ ചെക് പോസ്റ്റുകളിലും സിസിടിവികള്‍ സ്ഥാപിച്ചിട്ടുണ്ട്. ഷോർട്ട് ന്യൂസ് കണ്ണൂർ . എസ്പി ഉള്‍പെടെയുള്ള മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ അടുത്തിടെ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചിരുന്നു. കേരളത്തില്‍ നിന്ന് വരുന്നതും പോകുന്നതുമായ വാഹനങ്ങളില്‍ പ്രത്യേക നിരീക്ഷണം ഏര്‍പെടുത്തിയിട്ടുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയാന്‍ പൊലീസ് പട്രോളിങ് ശക്തമാക്കിയിട്ടുണ്ട്.


കര്‍ണാടകയില്‍ പണമിടപാടുകള്‍ പരിശോധിക്കാനായി 2,040 ഫ്‌ലയിംഗ് സ്‌ക്വാഡുകള്‍, 2,605 സ്റ്റാറ്റിക് സര്‍വെയ്‌ലന്‍സ് ടീമുകള്‍, 266 വീഡിയോ വ്യൂവിംഗ് ടീമുകള്‍, 631 വീഡിയോ നിരീക്ഷണ ടീമുകള്‍, 225 അകൗണ്ടിംഗ് ടീമുകള്‍ എന്നിവയെ സജ്ജമാക്കിയിട്ടുണ്ട്. വോടര്‍മാരെ സ്വാധീനിക്കാനായി പണം, മദ്യം, മയക്കുമരുന്ന്, ആഭരണങ്ങള്‍ തുടങ്ങിയവ കൈമാറുന്നുണ്ടോയെന്ന് കര്‍ശനമായി നിരീക്ഷിക്കും. കര്‍ണാടകയില്‍ മെയ് 10 ന് ഒറ്റഘട്ടമായി തെരഞ്ഞെടുപ്പ് നടക്കും. വോടെണ്ണല്‍ മെയ് 13നാണ്.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad