Type Here to Get Search Results !

ഡോക്ടറെ ആക്രമിച്ച സംഭവത്തില്‍ നടപടിയില്ലെന്ന്; 17ന് ഡോക്ടര്‍മാരുടെ സംസ്ഥാന വ്യാപക പണിമുടക്ക്



കൊച്ചി: സര്‍ക്കാര്‍-സ്വകാര്യ മേഖലയിലെ ഡോക്ടര്‍മാര്‍ മാര്‍ച്ച്‌ 17ന് സംസ്ഥാന വ്യാപകമായി പണിമുടക്കുമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐ.എം.എ) ഭാരവാഹികള്‍ അറിയിച്ചു.


കോഴിക്കോട് ഫാത്തിമ ആശുപത്രിയിലെ ഡോക്ടറെ ആക്രമിച്ച സംഭവത്തില്‍ ഒരാഴ്ച പിന്നിട്ടിട്ടും നടപടിയെടുക്കാത്തതിലും സംസ്ഥാനത്ത് ഡോക്ടര്‍മാര്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങളില്‍ പ്രതിഷേധിച്ചുമാണ് സമരം. രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെയാണ് ജോലിയില്‍നിന്ന് വിട്ടുനില്‍ക്കുക. ഈ സമയത്ത് ഒ.പി വിഭാഗം പ്രവര്‍ത്തിക്കില്ല. അടിയന്തര ശസ്ത്രക്രിയകള്‍, അത്യാഹിത വിഭാഗം, ഐ.സി.യു എന്നിവയുടെ പ്രവര്‍ത്തനം തടസ്സപ്പെടില്ലെന്നും ഭാരവാഹികള്‍ അറിയിച്ചു. ചില ഡോക്ടര്‍മാര്‍ തല്ലുകൊള്ളേണ്ടവരാണെന്ന കെ.ബി. ഗണേഷ് കുമാര്‍ എം.എല്‍.എയുടെ പ്രസ്താവനക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു. 


ഫാത്തിമ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കുന്ദമംഗലം പുതിയക്കല്‍ ഹാജിറ നജയുടെ കുഞ്ഞ് ശസ്ത്രക്രിയക്കിടെ മരിച്ചിരുന്നു. തുടര്‍ന്ന് ഇവരുടെ ബന്ധുക്കള്‍ ഡോക്ടറെ ആക്രമിച്ചെന്നാണ് പരാതി. ഹോസ്പിറ്റലിലെ മുതിര്‍ന്ന കാര്‍ഡിയോളജിസ്റ്റ് ഡോ. പി.കെ. അശോകനാണ് (59) മര്‍ദനമേറ്റത്. ഡോക്ടറുടെ മുന്‍നിരയിലെ പല്ലുകള്‍ ഇളകിയതായും മൂക്കിന്റെ എല്ല് പൊട്ടിയതായും വായില്‍നിന്നും മൂക്കില്‍ നിന്നും രക്തസ്രാവമുണ്ടായി ബോധം പോയതായും അധികൃതര്‍ അറിയിച്ചിരുന്നു. 


സംഭവത്തില്‍ നടക്കാവ് പൊലീസ് ആറുപേര്‍ക്കെതിരെ കേസെടുത്തിരുന്നു. കണ്ടാലറിയാവുന്ന ആറ് പേര്‍ക്കെതിരെ നരഹത്യശ്രമം, ഭീഷണിപ്പെടുത്തല്‍ തുടങ്ങി വിവിധ വകുപ്പുകള്‍ ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സംഭവത്തില്‍ രണ്ടുപേര്‍ പിന്നീട് പൊലീസില്‍ കീഴടങ്ങിയിരുന്നു.


അതേസമയം, ആശുപത്രിയിലെ അനിഷ്ട സംഭവങ്ങളില്‍‌ ഡോക്ടര്‍മാക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് പി.ടി.എ. റഹീം എം.എല്‍.എ ആരോഗ്യമന്ത്രിക്ക് കത്ത് നല്‍കിയിട്ടുണ്ട്. കുന്നമംഗലം സ്വദേശിയായ യുവതിയുടെ കുട്ടി മരിച്ച സംഭവത്തില്‍ ആക്ഷന്‍ കമ്മിറ്റി തിങ്കളാഴ്ച ആശുപത്രിക്ക് മുന്നില്‍ സമരം നടത്തിയിരുന്നു. കുട്ടിയുടെ മരണത്തിന് ഉത്തരവാദിയായ ഡോക്ടര്‍ക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ടായിരുന്നു സമരം. ഇക്കാര്യത്തില്‍ മന്ത്രി ഇടപെടണമെന്നും കുറ്റക്കാര്‍ക്കെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ടാണ് എം.എല്‍.എ മന്ത്രിക്ക് കത്ത് നല്‍കിയത്.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad