Type Here to Get Search Results !

കൊല്‍ക്കത്ത തെരുവുകളില്‍ ട്രാമുകള്‍ ഇല്ലാതെയാവില്ല; 150 വര്‍ഷത്തിന്റെ ആഘോഷമായി ട്രാംജാത്ര ഉത്സവം

 


സഞ്ചാരികളുടെ പ്രിയപ്പെട്ട നഗരങ്ങളില്‍ ഒന്നാണ് കൊല്‍ക്കത്ത. കൊല്‍ക്കത്ത സന്ദര്‍ശിക്കുന്ന ഏതൊരാളുടെയും പ്രിയപ്പെട്ട കാഴ്ചകളിലൊന്ന് നഗരത്തിരക്കുകളിലൂടെ പായുന്ന ട്രാമുകളാണ്. ഇന്ത്യയില്‍ ട്രാമുകള്‍ ഓടുന്ന ഏക നഗരം കൂടിയാണ് കൊല്‍ക്കത്ത. ഏഷ്യയിലെ തന്നെ ഏറ്റവും പഴക്കംചെന്ന ട്രാം സര്‍വീസാണ് കൊല്‍ക്കത്തയിലേത്. ഗതാഗത സംവിധാനങ്ങളില്‍ വിപ്ലവകരമായ മാറ്റങ്ങളാണ് വന്നതെങ്കിലും ഈ നഗരം ട്രാമുകളെ കൈവിട്ടില്ല. കൊല്‍ക്കത്തയുടെ മുഖമുദ്രകൂടിയാണ് ഈ ട്രാമുകള്‍. കൊല്‍ക്കത്തയുമായി ബന്ധപ്പെട്ട എല്ലാ അടയാളപ്പെടുത്തലുകളിലും ട്രാമുകളും ഭാഗവാക്കായി. ട്രാമുകളില്‍ സഞ്ചരിക്കാന്‍ വേണ്ടി മാത്രം ദൂരദേശങ്ങളില്‍ നിന്ന് പോലും സഞ്ചാരികള്‍ കൊല്‍ക്കത്തയിലേക്കെത്തി. എന്നാല്‍ നഗരം നിറഞ്ഞുനിന്ന ട്രാമുകള്‍ ഇപ്പോള്‍ ഒരു ലൈനിലേക്ക് ഒതുങ്ങി. കൊല്‍ക്കത്ത ട്രാംവേസ് കമ്പനി പിരിച്ചുവിട്ടതിന് ശേഷം പശ്ചിമബംഗാള്‍ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനാണ് ഈ സര്‍വീസുകള്‍ നടത്തുന്നത്.

1873 ഫെബ്രുവരി 24നാണ് കൊല്‍ക്കത്തയില്‍ ആദ്യമായി ട്രാമുകള്‍ ഓടിത്തുടങ്ങിയത്. 150 വര്‍ഷം പിന്നിട്ട ട്രാം സര്‍വീസിന്റെ പാരമ്പര്യം ആഘോഷിക്കുകയാണ് കൊല്‍ക്കത്തക്കാര്‍. ട്രാംജാത്ര ഉത്സവം എന്നപേരില്‍ നടക്കുന്ന ഈ ആഘോഷം 1996 ലാണ് ആരംഭിച്ചത്. കൊല്‍ക്കത്ത ട്രാം യൂസേഴ്‌സ് അസോസിയേഷനാണ് ഇതിന്റെ സംഘാടകര്‍. ട്രാം പ്രേമികള്‍, കലാകാരന്‍മാര്‍, പരിസ്ഥിതി പ്രവര്‍ത്തര്‍, വിനോദ സഞ്ചാര കൂട്ടായ്മകള്‍ എന്നിവരെല്ലാമാണ് ഈ ഉത്സവത്തിനായി കൈകോര്‍ത്ത്. സുസ്ഥിരത, സാംസ്‌കാരിക പൈതൃകം, ആരോഗ്യകരമായ ജീവിതം എന്നീ ആശയങ്ങള്‍ അടിസ്ഥാനമാക്കിയാണ് പരിപാടികള്‍ നടന്നത്.

പൈതൃകം, ശുദ്ധവായു, ഗ്രീന്‍ മൊബിലിറ്റി എന്നിവയാണ് ഈ വര്‍ഷത്തെ തീം. ഇതനുസരിച്ച് ട്രാമുകളില്‍ വര്‍ണങ്ങള്‍ നിറഞ്ഞു. അഞ്ച് ദിവസം നീണ്ടുനിന്ന പരിപാടിയുടെ ഭാഗമായി നഗരത്തിലെ ട്രാമുകള്‍ കലാസൃഷ്ടികള്‍ വെച്ച് അലങ്കരിച്ചു. സഞ്ചരിക്കുന്ന ട്രാമുകളില്‍ വിദേശികളും സ്വദേശികളുമായ കലാകാരന്മാര്‍ കലാപരിപാടികള്‍ അവതരിപ്പിച്ചു. മെല്‍ബണ്‍ പോലുള്ള ട്രാം നഗരങ്ങളില്‍ നിന്ന് വന്ന വിരമിച്ച ട്രാം സ്‌പെഷലിസ്റ്റുകള്‍ പരിപാടിയുടെ മുഖ്യാഥിതികളായി. 

നഗരത്തിലെ പൊതുഗതാഗതമെന്ന നിലയില്‍ ട്രാമുകളുടെ പ്രസക്തി കൂടുതല്‍ ജനങ്ങളിലേക്ക് എത്തിക്കുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം. നഗരവികസനങ്ങളുടെ ഭാഗമായി ട്രാമുകള്‍ നിര്‍ത്താനുള്ള എല്ലാ ശ്രമങ്ങളെയും ചെറുക്കാനും പരിപാടി ആഹ്വാനം ചെയ്തു. മേല്‍പ്പാലങ്ങളും മെട്രോ റെയിലും വന്നതിനാല്‍ ട്രാമുകള്‍ കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതില്‍ തങ്ങള്‍ നിസഹായരാണെന്ന് പശ്ചിമബംഗാള്‍ ഗതാഗത മന്ത്രി സ്‌നേഹാശിഷ് ചക്രവര്‍ത്തി പറഞ്ഞു. ട്രാമുകള്‍ നിര്‍ത്തലാക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ല. ട്രാമുകള്‍ക്കായി ഒരു പൈതൃക ലൈന്‍ ആരംഭിക്കാന്‍ സര്‍ക്കാരിന് പദ്ധതിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad