പാരിസ്: കഴിഞ്ഞ വർഷത്തെ മികച്ച പുരുഷ ഫുട്ബാൾ താരത്തിനുള്ള ഫിഫ ദ ബെസ്റ്റ് പുരസ്കാരം അർജന്റീന സൂപ്പർ താരം ലയണൽ മെസ്സിക്ക്. ഫ്രഞ്ച് താരങ്ങളായ കിലിയൻ എംബാപെ, കരിം ബെൻസേമ എന്നിവരെ വോട്ടെടുപ്പിൽ പിന്തള്ളിയാണ് മെസ്സി മറ്റൊരു ചരിത്ര നേട്ടം സ്വന്തമാക്കിയത്. ഏഴ് തവണ ബാലൻ ഡി ഓർ പുരസ്കാരം നേടിയ 35കാരൻ രണ്ടാം തവണയാണ് ഫിഫ ദ ബെസ്റ്റ് പുരസ്കാരം നേടുന്നത്. മെസ്സിക്ക് 52 പോയന്റ് ലഭിച്ചപ്പോൾ രണ്ടാമതെത്തിയ എംബാപ്പെ 44, മൂന്നാമതെത്തിയ കരിം ബെൻസേമ 34 എന്നിങ്ങനെയാണ് പോയന്റ് നേടിയത്.
ഖത്തർ ലോകകപ്പിൽ ഫൈനലിലെ ഇരട്ട ഗോളുകൾ ഉൾപ്പെടെ ഏഴു ഗോളുകൾ നേടിയ മെസ്സി മൂന്ന് ഗോളുകൾക്ക് വഴിയൊരുക്കുകയും ചെയ്ത് ടൂർണമെന്റിലെ മികച്ച താരത്തിനുള്ള ഗോൾഡൻ ബാൾ പുരസ്കാരം സ്വന്തമാക്കിയിരുന്നു. അർജന്റീനയെ കിരീട വിജയത്തിലെത്തിക്കുന്നതിൽ മെസ്സിയുടെ മികവ് നിർണായകമായിരുന്നു. ഫ്രഞ്ച് ഫുട്ബാൾ ലീഗിൽ പി.എസ്.ജിയെ ജേതാക്കളാക്കുന്നതിലും പ്രധാന പങ്കുവഹിച്ചു.
മികച്ച പുരുഷ ടീം പരിശീലകനായി തെരഞ്ഞെടുക്കപ്പെട്ടത് അർജന്റീനയെ കിരീട വിജയത്തിലേക്ക് നയിച്ച ലയണൽ സ്കലോണിയാണ്. പെപ് ഗാർഡിയോള, കാർലോ ആൻസലോട്ടി എന്നിവരെയാണ് മറികടന്നത്. മികച്ച പുരുഷ ഗോൾകീപ്പറായി അർജന്റീനയുടെ തന്നെ എമിലിയാനോ മാർട്ടിനസും തെരഞ്ഞെടുക്കപ്പെട്ടു. മൊറോക്കൊയുടെ യാസിൻ ബോനു, ബെൽജിയത്തിന്റെ തിബോ കുർട്ടോ എന്നിവരാണ് അർജന്റീനക്കാരന് പിന്നിലായത്. ഫിഫ ഫാൻ അവാർഡ് അർജന്റീന ആരാധകരും സ്വന്തമാക്കി.
ബാഴ്സലോണയുടെ സ്പാനിഷ് താരം അലക്സിയ പുട്ടേയാസ് ആണ് മികച്ച വനിതാ താരം. ബേത്ത് മീഡ്, അലക്സ് മോർഗൻ എന്നിവരെ പിന്നിലാക്കിയാണ് തുടർച്ചയായ രണ്ടാം തവണ ഇവർ ഫിഫ ദ ബെസ്റ്റ് പുരസ്കാരം നേടുന്നത്.