Type Here to Get Search Results !

മാങ്ങാമോഷണക്കേസിലെ പ്രതിയായ പൊലീസുകാരനെ പിരിച്ചുവിടാന്‍ തീരുമാനം; കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി



കോട്ടയം: കാഞ്ഞിരപ്പള്ളിയിലെ മാങ്ങാമോഷണക്കേസിലെ പ്രതിയായ പൊലീസുകാരനെ പിരിച്ചുവിടാന്‍ തീരുമാനം. ഇതിനു മുന്നോടിയായി ഇടുക്കി എസ്പി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. ഇടുക്കി എ ആര്‍ ക്യാമ്പിലെ സിവില്‍ പൊലീസ് ഓഫീസര്‍ സി പി ഷിഹാബിനെതിരെയാണ് നടപടിയെടുക്കുന്നത്. 


ക്രിമിനല്‍ പശ്ചാത്തലമുള്ള പൊലീസുകാര്‍ക്കെതിരായ നടപടിയുടെ തുടര്‍ച്ചയായിട്ടാണ് തീരുമാനം. 15 ദിവസത്തിനുള്ളില്‍ മറുപടി നല്‍കാനാണ് നോട്ടീസില്‍ നിര്‍ദേശം നല്‍കിയിട്ടുള്ളത്. മറുപടി കിട്ടിയശേഷമാകും അന്തിമ നടപടിയുണ്ടാകുക.


മാങ്ങാ മോഷണത്തിനു പുറമേ ഷിഹാബിനെതിരെ ക്രിമിനല്‍ കേസുകളും നിലവിലുണ്ട്. ഇതുകൂടി കണക്കിലെടുത്താണ് പിരിച്ചുവിടല്‍ നടപടിയെടുക്കുന്നത്. കഴിഞ്ഞ സെപ്റ്റംബർ 30ന് പുലർച്ചെയാണ് പൊലീസ് സേനയ്ക്ക് തന്നെ നാണക്കേടായ സംഭവമുണ്ടായത്. കോട്ടയത്തുനിന്ന് ജോലികഴിഞ്ഞു മടങ്ങുന്ന വഴിയാണ് ഇടുക്കി എആര്‍ ക്യാമ്പിലെ പൊലീസുകാരനായ ഷിഹാബ് കാഞ്ഞിരപ്പളളിയിലെ പഴക്കടയില്‍ നിന്ന് മാങ്ങകൾ മോഷ്ടിച്ചത്. 


വില്‍പ്പനയ്ക്കായി ഇറക്കി വച്ച കിലോയ്ക്ക് അറുന്നൂറ് രൂപ വരുന്ന പത്ത് കിലോ മാങ്ങയാണ് ഷിഹാബ് മോഷ്ടിച്ചത്. പൊലീസുകാരന്‍ കടയില്‍ നിന്നും മാങ്ങ മോഷ്ടിച്ച് ബാഗിലിട്ട് കൊണ്ടുപോകുന്ന സിസിടിവി ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചിരുന്നു. തുടർന്ന് ഷിഹാബിനെ ഇടുക്കി ജില്ലാ പൊലീസ് മേധാവി സസ്പെൻഡ് ചെയ്തിരുന്നു.


പിന്നീട് ഒത്തുതീർപ്പു ശ്രമങ്ങളെത്തുടർന്ന് കടയുടമ പൊലീസുകാരനെതിരെയുള്ള പരാതി പിന്‍വലിച്ചു. കേസ് ഒതുക്കിത്തീർക്കാൻ ശ്രമിച്ചെങ്കിലും പൊലീസിന്‍റെ സൽപേരിനു കളങ്കം വരുത്തിയെന്ന് ആരോപിച്ച് ഷിഹാബിനെ പിരിച്ചുവിടാൻ എസ്പി ആഭ്യന്തര വകുപ്പിന് ശുപാർശ ചെയ്യുകയായിരുന്നു. മുണ്ടക്കയം പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത ക്രിമിനല്‍ കേസിലും പ്രതിയാണ് ഷിഹാബ്. ഈ കേസില്‍ വിചാരണ നടക്കുന്നതിനിടെയാണ് ഷിഹാബ് മാങ്ങ മോഷ്ടിച്ചത്.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad