Type Here to Get Search Results !

ഇന്ധന സെസ് അടക്കം ബജറ്റിൽ പ്രഖ്യാപിച്ച ഒരു നികുതിയും കുറയ്ക്കില്ലെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ



തിരുവനന്തപുരം: ഇന്ധന സെസ് അടക്കം ബജറ്റിൽ പ്രഖ്യാപിച്ച ഒരു നികുതിയും കുറയ്ക്കാതെ ധനമന്ത്രി കെ.എൻ ബാലഗോപാൽ. ബജറ്റ് ചർച്ചയുടെ മറുപടി പ്രസംഗത്തിൽ ഇന്ധന സെസ് കുറയ്ക്കുന്ന പ്രഖ്യാപനമുണ്ടാകുമെന്ന് സൂചനകളുണ്ടായിരുന്നു. പത്രങ്ങളിൽ കുറയ്ക്കുമെന്ന് പറഞ്ഞതാണ് യു.ഡി.എഫിന് ബുദ്ധിമുട്ടായതെന്നും കുറച്ചാൽ തങ്ങളുടെ വിജയമാണെന്ന് പറയാമെന്നാണ് പ്രതിപക്ഷം കരുതിയതെന്നും മന്ത്രി പറഞ്ഞു.

പ്രതിപക്ഷ വിമർശനത്തിൽ രാഷ്ട്രീയ അതിപ്രസരമാണെന്നും ധനമന്ത്രി പറഞ്ഞു. ലോകത്ത് നടക്കുന്നതൊന്നും കാണാതെ സംസ്ഥാന സർക്കാരിനെ മാത്രം വിമർശിച്ചാൽ മതിയോയെന്നും അദ്ദേഹം ചോദിച്ചു. കേരളം കട്ടപ്പുറത്താകുമെന്ന് പറഞ്ഞവരുടെ സ്വപ്‌നം കട്ടപ്പുറത്താകുമെന്നും മന്ത്രി പരിഹസിച്ചു.

വിദേശത്ത് പോകുന്നതും കാറ് വാങ്ങുന്നതും ഒഴിവാക്കലല്ല ചെലവ് ചുരുക്കൽ. പദ്ധതികളിൽ പ്രായോഗികവും ശാസ്ത്രീയവുമായ രീതികൾ കൊണ്ടുവന്നാണ് ചെലവ് ചുരുക്കുന്നത്. നികുതി നിർദേശങ്ങളിൽ വലിയ വിമർശനങ്ങൾ വന്നു. പഞ്ചായത്തുകളിൽ ഇന്ത്യയിൽ ഏറ്റവും കുറഞ്ഞ നികുതിയാണ് വാങ്ങുന്നത്. കാലോചിതമായ മാറ്റമാണ് ഇതിൽ വരുത്തിയിട്ടുള്ളത്.

മദ്യത്തിന് കഴിഞ്ഞ രണ്ട് വർഷമായി നികുതി വർധിപ്പിച്ചിട്ടില്ല. 500 രൂപക്ക് മുകളിലുള്ള മദ്യത്തിനേ വില വർധിപ്പിച്ചിട്ടുള്ളൂ. വിൽക്കുന്നത് മദ്യത്തിന്റെ നല്ലൊരു ഭാഗവും 500 രൂപക്ക് താഴെയാണ്. 1000 രൂപക്ക് മുകളിലുള്ള മദ്യം വിൽക്കുന്നത് എട്ട് ശതമാനം മാത്രമേയുള്ളൂവെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു.

സംസ്ഥാന ബജറ്റും കേന്ദ്ര ബജറ്റും ഒരുപോലെയാണ് പ്രതിപക്ഷത്ത് ചില നേതാക്കൾ പറഞ്ഞു. കോർപറേറ്റുകൾക്കാണ് കേന്ദ്രം നികുതി കുറച്ചുകൊടുത്തത്. തൊഴിലുറപ്പ് പദ്ധതിയിൽ അടക്കം വിഹിതം കേന്ദ്രം വെട്ടിക്കുറച്ചു. കർഷകർക്കുള്ള ഫണ്ടും വെട്ടിക്കുറച്ചു. എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളും വിൽക്കുക എന്നതാണ് കേന്ദ്രനയം. കേന്ദ്രം ഇറച്ചി വിലക്ക് വെച്ച സ്ഥാപനങ്ങൾ വിലകൊടുത്തു വാങ്ങി കേരളം ലാഭത്തിലാക്കിയെന്നും മന്ത്രി പറഞ്ഞു

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad