Type Here to Get Search Results !

എല്ലാ സ്റ്റേഷനിലും ഒരു മാസത്തിനകം കാമറ സ്ഥാപിക്കണം:സുപ്രീംകോടതി



തിരുവനന്തപുരം: ലോക്കപ്പ് മർദ്ദനമടക്കം ജനങ്ങളോടുള്ള അതിക്രമങ്ങൾ തടയാൻ സംസ്ഥാനത്തെ മുഴുവൻ പൊലീസ് സ്റ്റേഷനുകളും കാമറ വലയത്തിലാക്കണമെന്ന് രണ്ട് വർഷം മുമ്പ് പുറപ്പെടുവിച്ച ഉത്തരവ് ഒരു മാസത്തിനകം നടപ്പാക്കണമെന്ന് സുപ്രീം കോടതി. ദൃശ്യങ്ങളും ശബ്ദവും ഒന്നര വർഷം സൂക്ഷിച്ചുവയ്ക്കാവുന്ന സംവിധാനമടക്കം സജ്ജമാക്കിയില്ലെങ്കിൽ ചീഫ്സെക്രട്ടറിക്കെതിരേ നടപടിയെടുക്കുമെന്നാണ് അന്ത്യശാസനം.


എല്ലാ പൊലീസ് സ്റ്റേഷനുകളും കാമറാ നിരീക്ഷണത്തിലാക്കാൻ 2020 ഡിസംബറിലാണ് ജസ്റ്റിസ് ആർ.എഫ് നരിമാൻ അദ്ധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടത്. 46 കോടി ചെലവിൽ 520 സ്റ്റേഷനുകളിലും നാലു മാസത്തിനകം കാമറാ നിരീക്ഷണമൊരുക്കാൻ കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ടെലികമ്മ്യൂണിക്കേഷൻസ് കൺസൾട്ടന്റ്സ് ഇന്ത്യ ലിമിറ്റഡിന് (ടി.സി.ഐ.എൽ) കരാർ നൽകിയതാണ്. പകുതിയിലേറെ സ്റ്റേഷനുകളിൽ പൂർത്തിയായി.


കാമറ ദൃശ്യങ്ങളും ശബ്ദവും കസ്റ്റഡി മർദ്ദനക്കേസുകളിൽ പൊലീസിനെതിരായ പ്രധാന തെളിവാകും. പ്ലാൻ ഫണ്ടിൽ നിന്ന് 41.6 കോടി നൽകാൻ ആഭ്യന്തരവകുപ്പ് നേരത്തേ ഉത്തരവിട്ടിരുന്നെങ്കിലും 2021-22ൽ 11.89 കോടിയും, 22-23ൽ 4.8 കോടിയും മാത്രമേ അനുവദിച്ചുള്ളൂ. 40 ശതമാനം കേന്ദ്രവിഹിതവും സമയത്ത് കിട്ടിയില്ല.


സ്റ്റേഷനുകളിൽ കാമറകളില്ലാത്ത അപ്രധാനമായ സ്ഥലങ്ങൾ കസ്റ്റഡി പീഡന കേന്ദ്രങ്ങളാകുന്നത് തടയാനാണ് വിപുലമായ കാമറാ ശൃംഖലയൊരുക്കാൻ സുപ്രീംകോടതി ഉത്തരവിട്ടത്. സ്റ്റേഷനുകളുടെ പ്രവേശന കവാടം, പുറത്തേക്കുള്ള വഴികൾ, റിസപ്ഷൻ, ലോക്കപ്പുകൾ, ഇടനാഴികൾ, ഇൻസ്പെക്ടറുടെയും സബ് ഇൻസ്പെക്ടർമാരുടെയും മുറികൾ, ലോക്കപ്പിന്റെ പുറംഭാഗം, സ്റ്റേഷൻ ഹാൾ, സ്റ്റേഷന്റെ പരിസരം, ഡ്യൂട്ടി ഓഫീസറുടെ മുറി, കുറ്റാരോപിതരെ ഇരുത്തുന്ന മുറികൾ എന്നിവിടങ്ങളിലെല്ലാം നിരീക്ഷണമുണ്ടാവണം. മനുഷ്യാവകാശം ലംഘിച്ചെങ്കിൽ ചോദ്യം ചെയ്യലിന്റെ ദൃശ്യങ്ങൾ ഇരയ്‌ക്ക് ആവശ്യപ്പെടാമെന്നും മനുഷ്യാവകാശ കമ്മിഷനടക്കം തെളിവായി സ്വീകരിക്കാമെന്നും സുപ്രീംകോടതി ഉത്തരവിട്ടിരുന്നു.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad