തിങ്കളാഴ്ച രാജ്യത്തെ കർഷകർക്ക് സന്തോഷത്തിന്റെ ദിവസമായേക്കും. പി എം കിസാൻ സമ്മാൻ നിധിയുടെ 13ാം ഗഡുവായ 2000 രൂപ അന്ന് കർഷകരുടെ ബാങ്ക് അക്കൗണ്ടുകളിൽ എത്തും. ഫെബ്രുവരി 27 വൈകീട്ട് 3 മണിക്ക് പതിമൂന്നാം ഗഡു വിതരണത്തിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി കർണാടകയിൽ നിർവഹിക്കും. കേന്ദ്ര കൃഷിമന്ത്രി തോമറാണ് ഇക്കാര്യം അറിയിച്ചത്.
ചെറുകിട കർഷകരെ സഹായിക്കാൻ 2019ലാണ് കേന്ദ്ര സർക്കാർ പി എം കിസാൻ സമ്മാൻ നിധി ആരംഭിച്ചത്. പ്രതിവർഷം 6000 രൂപ മൂന്ന് തുല്യ ഗഡുക്കളായി കർഷകരുടെ അക്കൗണ്ടിൽ നേരിട്ട് എത്തിക്കുന്നതാണു പദ്ധതി. ഏപ്രിൽ- ജൂലായ്, ആഗസ്റ്റ്- നവംബർ, ഡിസംബർ- മാർച്ച് എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളിലായാണ് 2000 രൂപ വീതം അർഹരായ കർഷകർക്ക് നൽകുന്നത്. ഇതിനകം 12 ഗഡുക്കളായി 24000 രൂപ കർഷകരുടെ ബാങ്ക് അക്കൗണ്ടിൽ എത്തിയിട്ടുണ്ട്. ഇനി പതിമൂന്നാം ഗഡുവാണ് ലഭിക്കാനുള്ളത്.
ഭൂമി വിവരങ്ങൾ നൽകാത്തവർക്കും ഇ- കെവൈസി നടപടി പൂർത്തിയാക്കാത്തവർക്കും പന്ത്രണ്ടാം ഗഡു ലഭിച്ചിട്ടില്ല. ഇക്കാര്യങ്ങൾ നിശ്ചിത സമയത്തിനകം പൂർത്തിയാക്കി ആധാർ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കാൻ അധികൃതർ പല തവണ ആവശ്യപ്പെട്ടിരുന്നു. നിരവധി കർഷകർ ഈ നടപടികൾ പൂർത്തിയാക്കാത്ത സാഹചര്യത്തിലാണ് പതിമൂന്നാം ഗഡുവിന്റെ വിതരണം വൈകിയത്. ബാങ്ക് അക്കൗണ്ട് ആധാറുമായി ബന്ധിപ്പിച്ചാൽ മാത്രമാണ് അടുത്ത ഗഡു ലഭിക്കുക. ഇതിനായി പോസ്റ്റോഫീസ് പെയ്മെന്റ് ബാങ്കിൽ അക്കൗണ്ട് തുറന്നാൽ മതി. ഈ സേവനം ലഭിക്കുന്നതിന് ആധാർ കാർഡും മൊബൈൽ ഫോണുമായി തൊട്ടടുത്ത പോസ്റ്റ് ഓഫീസുമായി ബന്ധപ്പെടണം.