ന്യൂഡൽഹി: മുബൈയിലെയും ഡൽഹിയിലെയും ബിബിസി ഓഫീസുകളിൽ ആദായ നികുതി വകുപ്പിന്റെ പരിശോധന തുടരുന്നു. ഇന്നലെ ഓഫീസിൽ എത്തിയ ബിബിസിയുടെ ചില മാധ്യമപ്രവര്‍ത്തകർ ഓഫീസുകളിൽ തുടരുകയാണ്. ജീവനക്കാരോട് വീട്ടിലുരുന്ന് ജോലിചെയ്യാൻ ബിബിസി നിർദേശം നൽകി. ബിബിസി ഓഫീസുകളില്‍ ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡിനെ തുടർന്നാണ് നടപടി.ബിബിസി ജീവനക്കാർക്ക് അയച്ച മെയിലിലാണ് ബ്രോഡ്‌കാസ്റ്റ് ഡിപ്പാർട്ട്‌മെന്റ് ഒഴികെയുള്ള എല്ലാവരോടും വീട്ടിലിരുന്ന് ജോലി ചെയ്യാനുളള നിർദേശം നൽകിയത്. ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരുമായി സഹകരിക്കണമെന്നും ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി നൽകണമെന്നും ബിബിസി ജീവനക്കാരോട് ആവശ്യപ്പെട്ടു
ഇന്ത്യയിലെ പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകുമെന്നും പ്രേക്ഷകർക്കായി മാധ്യമപ്രവർത്തനം തുടരുമെന്നും ബിബിസി നേരത്തെ അറിയിച്ചിരുന്നു. ഇന്നലെ രാവിലെ 11.30ഓടെയാണ് ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിങ് കോർപ്പറേഷന്റെ ഡൽഹി, മുംബൈ ഓഫീസുകളിൽ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന ആരംഭിച്ചത്. അന്താരാഷ്ട്ര നികുതികളിൽ ഉൾപ്പെടെ ക്രമക്കേടുണ്ടെന്ന പരാതിയിലായിരുന്നു റെയ്ഡ്. ലോകത്തുളള സ്വതന്ത്ര മാധ്യമങ്ങളുടെ പ്രാധാന്യത്തെ ഞങ്ങൾ പിന്തുണയ്ക്കുന്നുവെന്ന് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് വക്താവ് നെഡ് പ്രൈസ് പ്രതികരിച്ചു. യുകെയിൽ നിന്ന് ഔദ്യോഗിക പ്രതികരണം ഒന്നും തന്നെ ഉണ്ടായിട്ടില്ല. ചൊവ്വാഴ്ച രാവിലെ നികുതി ഉദ്യോഗസ്ഥർ സർവേ ആരംഭിച്ചിരുന്നു. തുടർന്ന് ഇന്ന് അക്കൗണ്ടുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും ബിബിസിയുടെ മുതിർന്ന മാനേജ്മെന്റിനെ ചോദ്യം ചെയ്യുമെന്നും അറിയിച്ചു.
ഗുജറാത്ത് വംശഹത്യയെ കുറിച്ചുള്ള ബിബിസിയുടെ ഡോക്യുമെന്ററി പുറത്തിറക്കിയതിന്റെ പ്രതികാര നടപടിയാണ് പരിശോധനയെന്ന് പ്രതിപക്ഷ പാർട്ടികളും മുതിർന്ന മാധ്യമപ്രവർത്തകരും ആരോപിച്ചു. പരിശോധനയെ വിമർശിച്ച് പ്രതിപക്ഷവും എഡിറ്റേഴ്‌സ് ഗിൽഡും രംഗത്തെത്തി. ഭരണകൂടത്തെ വിമർശിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കെതിരെ കേന്ദ്രം സ്വീകരിക്കുന്ന സമീപനത്തിൽ ആശങ്കയുണ്ടെന്ന് എഡിറ്റേഴ്‌സ് ഗിൽഡ് പ്രതികരിച്ചു. ഇന്ത്യ: ദി മോദി ക്വസ്റ്റ്യൻ എന്ന ബിബിസി സീരീസ് കഴിഞ്ഞ മാസം പൊതുവേദികളിൽ നിന്ന് നീക്കം ചെയ്തിരുന്നു. യുട്യൂബ് വീഡിയോകളും ഡോക്യുമെന്ററിയുടെ ലിങ്കുകൾ പങ്കിടുന്ന ട്വിറ്റർ പോസ്റ്റുകളും തടയാൻ കേന്ദ്രം ഐടി നിയമങ്ങൾക്ക് കീഴിലുള്ള അടിയന്തര അധികാരങ്ങൾ ഉപയോഗിച്ചു. ഡോക്യുമെന്ററിയെ "വിദ്വേഷകരമായ പ്രചരണമാണെന്ന് സർക്കാർ ആക്ഷേപിക്കുകയും ചെയ്തിരുന്നു.
സെൻസർഷിപ്പ് എന്ന് അവർ വിളിച്ചതിൽ പ്രതിഷേധിച്ച്, പ്രതിപക്ഷ നേതാക്കളും വിദ്യാർത്ഥികളും ഡോക്യുമെന്ററിയുടെ പൊതു പ്രദർശനം സംഘടിപ്പിക്കുകയും നിരവധി ക്യാമ്പസുകളിൽ സംഘർഷങ്ങൾക്ക് കാരണമാവുകയും ചെയ്തു. കഴിഞ്ഞയാഴ്ച ഡോക്യുമെന്ററിയുടെ പേരിൽ ബിബിസിയെ ഇന്ത്യയിൽ നിന്ന് നിരോധിക്കണമെന്ന ആവശ്യം സുപ്രീം കോടതി തളളി.