തിരുവനന്തപുരം ജില്ലയിലെ പ്രധാനപ്പെട്ട ശാക്തേയ ക്ഷേത്രമായ ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തില്‍ നടക്കുന്ന മഹോത്സവം ആണ് ആറ്റുകാല്‍ പൊങ്കാല. കേരളത്തിലെ ആദ്യത്തെ പൊങ്കാല ഉത്സവം ആണിത്. ലോകത്തെ ഏറ്റവും കൂടുതല്‍ സ്ത്രീകള്‍ ഒത്തു കൂടുന്ന ഉത്സവം എന്ന പേരിലാണ് ഗിന്നസ് ബുക്കില്‍ ഈ ഉത്സവം അറിയപ്പെടുന്നത്.
മകരം-കുംഭം മാസങ്ങളിലായി നടക്കുന്ന ക്ഷേത്രോത്സവത്തിന്റെ ഒമ്ബതാം ദിവസമാണ് ആറ്റുകാല്‍ പൊങ്കാല നടക്കുന്നത്. പൊങ്കാല സമയത്ത് സ്ത്രീകളുടെ ശബരിമല എന്നറിയപ്പെടുന്ന ഈ ക്ഷേത്രവും അതിനു പരിസരങ്ങളായ തിരുവനന്തപുരം നഗരവും ജനനിബിഡമാകാറുണ്ട്. ക്ഷേത്ര പരിസരത്തുനിന്നും ഏകദേശം നാല് കി.മീറ്ററോളം റോഡിന് ഇരുവശത്തും പൊങ്കാല അടുപ്പുകള്‍ കൊണ്ട് നിറയും.
മഹിഷാസുരനെ വധിച്ച ദേവിയെ ജനങ്ങള്‍ പൊങ്കാല നല്കിയാണത്രെ സ്വീകരിച്ചത്. അതിന്റെ ഓര്‍മ്മയില്‍ ഇവിടെ പൊങ്കാല ആചരിക്കുന്നുവെന്നും പറയപ്പെടുന്നു. പാര്‍വ്വതി ദേവി ഒറ്റക്കാലില്‍ നിന്നു തപസ്സ് ചെയ്ത കഥയും കണ്ണകിയുടെ കഥയും എല്ലാം ആറ്റുകാല്‍ പൊങ്കാലയുമായി ചേര്‍ന്ന് വിശ്വസിക്കപ്പെടുന്നു.
കൃത്യമായ അനുഷ്ഠാനങ്ങളോടെ വ്രതമെടുത്തു മാത്രമേ പൊങ്കാല അര്‍പ്പിക്കാവു എന്നാ ണ് വിശ്വാസം. പൊങ്കാലയ്ക്ക് മുന്‍പ് ഒരാഴ്ച യെങ്കിലും വ്രതം ആരംഭിക്കും. ദിവസവും രണ്ടുനേരം കുളിച്ച്, മാത്സ്യ മാംസാദികള്‍ ഒഴിവാക്കി സസ്യാഹാരം മാത്രമാണ് കഴിക്കാന്‍ പാടുള്ളൂ.
കൂടാതെ മനഃശുദ്ധിയോടും ശരീര ശുദ്ധിയോട് കൂടി വേണം വ്രതം എടുക്കാന്‍. പൊങ്കാലയുടെ തലേ ദിവസം ഒരിക്കല്‍ മാത്രമേ ആഹാരം കഴിക്കാവൂ. പൊങ്കാലയ്ക്ക് മുന്‍പ് ക്ഷേത്രദര്‍ശനം നടത്തണം. പൊങ്കാലയില്‍ പഞ്ചഭൂതങ്ങളുടെ സംഗമമാണ് കാണുവാന്‍ സാധിക്കുന്നത്. അതായത് ഭൂമിയെ പ്രതീകമായ മണ്‍കലവും അരിയും മറ്റുള്ള ആകാശം, വായു, ജലം, അഗ്നി എന്നി വയോട് ചേരുന്നതാണ് പൊങ്കാലയുടെ പുണ്യം എന്നാണ് വിശ്വസിക്കപ്പെടുന്നത്.
ശരീരത്തിലെ പഞ്ചഭൂതങ്ങള്‍ ഒന്നിച്ചുചേരുന്ന ആനന്ദമാണ് ഇതില്‍നിന്നും ലഭിക്കുന്നത് എന്നാണ് വിശ്വസിക്കപ്പെടുന്നത്. കുളി കഴിഞ്ഞ് ശുദ്ധിയോടെ ഈറന്‍ വസ്ത്രം ധരിച്ച്‌സൂര്യന് അഭിമുഖമായി നിന്നാണ് പൊങ്കാല തയ്യാറാക്കുന്നത്.