തിരുവനന്തപുരം: വിവാഹം ചെയ്യാമെന്ന് പൊലീസ് സാന്നിധ്യത്തിൽ ഉറപ്പ് നൽകിയ യുവാവ് വിവാഹ ദിവസം ഫോൺ ഓഫ് ആക്കി മുങ്ങിയ മനോവിഷമത്തിൽ 23കാരി ജീവനൊടുക്കി. കൊല്ലം കടയ്ക്കൽ ഇട്ടിവ വട്ടപ്പാട് മധു ഭവനിൽ ധന്യ (23) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ എട്ടുമണിയോടെയാണ് ധന്യയെ വീട്ടിലെ കിടപ്പുമുറിക്കുള്ളിലെ കുളിമുറിയിൽ ഷാളിൽ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. കടയ്ക്കൽ പൊലീസ് പറയുന്നത് അനുസരിച്ച് കൊല്ലം അഞ്ചൽ അതിശയമംഗലം സ്വദേശി അഖിലുമായി ധന്യ കഴിഞ്ഞ ഒരു വർഷത്തിലേറെയായി പ്രണയത്തിലായിരുന്നു. ഇക്കഴിഞ്ഞ 15ന് ധന്യയെ വീട്ടിൽ നിന്ന് കാണാതായിരുന്നു
തുടർന്ന് ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തില്‍ ധന്യ അഖിലിനൊപ്പമുണ്ടെന്ന് കണ്ടെത്തി. വീട്ടുകാരുടെ മധ്യസ്ഥതയിൽ നടത്തിയ ചർച്ചയിൽ രജിസ്റ്റർ വിവാഹം ചെയ്യാമെന്ന് പൊലീസിന്റെ സാന്നിധ്യത്തില്‍ അഖിൽ ഉറപ്പ് നൽകി. ഇതോടെ ധന്യ വീട്ടുകാർക്ക് ഒപ്പം പോയി. വ്യാഴാഴ്ച ധന്യയും വീട്ടുകാരും വിവാഹം രജിസ്റ്റര്‍ ചെയ്യുന്നതിനുവേണ്ടി ഇട്ടിവാ ഗ്രാമപഞ്ചായത്ത് ഓഫീസിൽ എത്തിയെങ്കിലും അഖിൽ എത്തിയില്ല.
തുടർന്ന് പല തവണ അഖിലിൻ്റെ ഫോണില്‍ ധന്യയും വീട്ടുകാരും ബന്ധപ്പെട്ടെങ്കിലും ഫോൺ ഓഫ് ആക്കിയ നിലയിലായിരുന്നു. ഏറെ നേരം കഴിഞ്ഞും അഖിലിൻ്റെ വിവരം ഒന്നും ലഭിക്കാത്തതിനാൽ ധന്യയുമായി വീട്ടുകാർ മടങ്ങി. ഇതിന്റെ മനോവിഷമത്തില്‍ ധന്യ ആത്മഹത്യ ചെയ്തെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം. ധന്യയുടെ അമ്മ റീന വിദേശത്താണ്. മുത്തശിക്കൊപ്പം ആണ് ധന്യ താമസിച്ചിരുന്നത്. സംഭവത്തിൽ കടയ്ക്കൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അഖിൽ ഒളിവിലാണ്.