Type Here to Get Search Results !

ഋഷഭ് പന്തിനെ മുംബൈയിലേക്ക് മാറ്റുന്നു; ലിഗ് മെന്‍റ് സർജറിക്ക് വിധേയനാക്കും



മുംബൈ: കാറപകടത്തിൽ പരിക്കേറ്റ ഇന്ത്യൻ ക്രിക്കറ്റ് താരം ഋഷഭ് പന്തിനെ വിദഗ്ധ ചികിത്സക്കായി മുംബൈയിലേക്ക് മാറ്റും. ഇവിടെ താരത്തെ ലിഗ്മെന്‍റ് സർജറിക്ക് വിധേയനാക്കുമെന്നും ബി.സി.സി.ഐ അറിയിച്ചു. നിലവിൽ ചികിത്സയിൽ കഴിയുന്ന ഡെറാഡൂണിലെ മാക്സ് ആശുപത്രിയിൽനിന്ന് എയർ ആംബുലൻസ് വഴി മുംബൈയിലെ കോകിലബെൻ ധീരുഭായ് അംബാനി ആശുപത്രിയിലേക്കാണ് താരത്തെ മാറ്റുന്നത്. അപകടത്തിൽ ലിഗ്മെന്‍റിന് പരിക്കേറ്റതിനാൽ താരത്തെ സർജറിക്ക് വിധേയനാക്കണമെന്നും ബി.സി.സി.ഐ അറിയിച്ചു. ബി.സി.സി.ഐ സെക്രട്ടറി ജയ് ഷായുടെ മേൽനോട്ടത്തിലാണ് പന്തിന്റെ ചികിത്സ നടക്കുന്നത്. ‘ഇന്ത്യൻ വിക്കറ്റ് കീപ്പർ ഋഷഭ് പന്തിനെ മുംബൈയിലേക്ക് മാറ്റുന്നതിന് ആവശ്യമായ എല്ലാ സജ്ജീകരണങ്ങളും ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് ഒരുക്കിയിട്ടുണ്ട്. ഡിസംബർ 30ന് വാഹനാപകടത്തെ തുടർന്ന് ഡെറാഡൂണിലെ മാക്‌സ് ആശുപത്രിയിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന പന്തിനെ എയർ ആംബുലൻസിൽ മുംബൈയിലേക്ക് കൊണ്ടുവരും’ -ബി.സി.സി.ഐ പത്രക്കുറിപ്പിൽ അറിയിച്ചു. പന്തിന്‍റെ ആരോഗ്യനില വേഗത്തിൽ വീണ്ടെടുക്കൽ ബോർഡ് എല്ലാ ശ്രമങ്ങളും നടത്തും. ഈ കാലയളവിൽ അദ്ദേഹത്തിന് ആവശ്യമായ എല്ലാ പിന്തുണയും നൽകും. വേണ്ടിവന്നാൽ താരത്തെ യു.കെയിലേക്ക് അയക്കാനും തയാറാണെന്ന് ബി.സി.സി.ഐ അറിയിച്ചു. കുടുംബത്തെ കാണുന്നതിന് വീട്ടിലേക്കു പോകുംവഴി റൂർക്കിക്കു സമീപം ദേശീയപാതയിൽ പന്ത് ഓടിച്ച കാർ അപകടത്തിൽപെടുകയായിരുന്നു. ഡിവൈഡറിലേക്ക് ഇടിച്ചു കയറി മറിഞ്ഞ വാഹനം കത്തിനശിച്ചു. വാഹനത്തിന്റെ വശത്തെ ഗ്ലാസ് തകർത്താണ് പന്ത് പുറത്തു കടന്നത്.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad