Type Here to Get Search Results !

അമിത് ഷായുടെ രാമക്ഷേത്ര പ്രഖ്യാപനം വിവാദത്തില്‍

 


ലഖ്‌നൗ: അയോധ്യയിലെ രാമക്ഷേത്രം അടുത്ത പുതുവത്സരദിനത്തില്‍ ഭക്തര്‍ക്കായി തുറന്നുകൊടുക്കുമെന്ന കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രഖ്യാപനം വന്‍വിവാദത്തില്‍. നിയമസഭാതിരഞ്ഞെടുപ്പിന് ഒരുങ്ങുന്ന ത്രിപുരയില്‍ പ്രചാരണത്തിന് തുടക്കംകുറിക്കാനെത്തിയപ്പോഴാണ് രാമക്ഷേത്രനിര്‍മാണം ദ്രുതഗതിയില്‍ പുരോഗമിക്കുകയാണെന്നും കോണ്‍ഗ്രസ് തുരങ്കംവെച്ചതുമൂലമാണ് അത് സാക്ഷാത്കരിക്കാന്‍ വൈകിയതെന്നും അമിത്ഷാ പറഞ്ഞത്. തിരഞ്ഞെടുപ്പുകള്‍ മുന്നില്‍ക്കണ്ടുകൊണ്ട് രാമക്ഷേത്രവിഷയം വീണ്ടും പ്രചാരണായുധമാക്കുകയാണ് ഷായെന്ന് പ്രതിപക്ഷകക്ഷികള്‍ ആരോപിച്ചു.

ക്ഷേത്രം എന്നുതുറക്കുമെന്ന് കൃത്യമായി പറയാനാവില്ലെന്ന് രാമക്ഷേത്രട്രസ്റ്റ് ജനറല്‍ സെക്രട്ടറി ചംപത് റായി പ്രതികരിച്ചു. ''നിശ്ചയിച്ച സമയത്തുതന്നെ ക്ഷേത്രനിര്‍മാണം പൂര്‍ത്തിയാകും. ബാലരാമവിഗ്രഹം ജനുവരി 14 മകരസംക്രാന്തി നാളില്‍ പ്രതിഷ്ഠിക്കാനാണ് ഉദ്ദേശിക്കുന്നത്. ശ്രീകോവിലിന്റെ പണി ഈ വര്‍ഷം അവസാനത്തോടെ പൂര്‍ത്തിയാകും. തുടര്‍ന്ന് ഉദ്ഘാടനച്ചടങ്ങുകള്‍ ആരംഭിക്കാനാണ് പരിപാടി'' -അദ്ദേഹം പറഞ്ഞു.

പ്രഖ്യാപിക്കാന്‍ അമിത് ഷാ ആരാണെന്ന് ഖാര്‍ഗെ

വോട്ടിനുവേണ്ടി ബി.ജെ.പി. നേതാക്കള്‍ എന്തിനും തയ്യാറാകുമെന്നതിന്റെ ഉദാഹരണമാണ് അമിത് ഷായുടെ രാമക്ഷേത്രപ്രഖ്യാപനമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു. ''രാമക്ഷേത്രം തുറക്കുന്നത് പ്രഖ്യാപിക്കാന്‍ നിങ്ങളാരാണ്? ക്ഷേത്രത്തിലെ പൂജാരിയോ? ആഭ്യന്തരമന്ത്രിയെന്നനിലയില്‍ രാജ്യത്തെ സംരക്ഷിക്കുകയെന്നതാണ് നിങ്ങളുടെ ചുമതല'' -ഖാര്‍ഗെ തുറന്നടിച്ചു.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad