Type Here to Get Search Results !

ഇന്ത്യക്ക് അനായാസ ജയം; ന്യൂസിലൻഡിനെ തകർത്തത് എട്ടു വിക്കറ്റിന്; പരമ്പര



റായ്പൂർ: ന്യൂസിലൻഡിനെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യക്ക് എട്ടു വിക്കറ്റിന്‍റെ അനായാസ ജയം. കിവീസ് കുറിച്ച 109 റൺസ് വിജയ ലക്ഷ്യം ഇന്ത്യ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 179 പന്തുകൾ ബാക്കി നിൽക്കെ മറികടന്നു. ഇതോടെ മൂന്നു മത്സരങ്ങളടങ്ങിയ പരമ്പരയും ഇന്ത്യ സ്വന്തമാക്കി.


ഹൈദരാബാദിൽ നടന്ന ഒന്നാം ഏകദിനത്തിലും ഇന്ത്യ ജയിച്ചിരുന്നു. സ്കോർ: ന്യൂസിലൻഡ് -34.3 ഓവറിൽ 108 റൺസിന് പുറത്ത്. ഇന്ത്യ -20.1 ഓവറിൽ രണ്ടു വിക്കറ്റിന് 111 റൺസ്. നായകൻ രോഹിത് ശർമ അർധ സെഞ്ച്വറി നേടി. 50 പന്തിൽ രണ്ടു സിക്സും ഏഴു ഫോറുമടക്കം 51 റൺസെടുത്താണ് താരം പുറത്തായത്. വിരാട് കോഹ്ലി ഒമ്പത് പന്തിൽ 11 റൺസെടുത്തു. ശുഭ്മാൻ ഗിൽ 53 പന്തിൽ 40 റൺസെടുത്തും ഇഷാൻ കിഷൻ ഒമ്പത് പന്തിൽ എട്ട് റൺസെടുത്തും പുറത്താകാതെ നിന്നു.


ന്യൂസിലൻഡിനായി ഹെന്റി ഷിപ്ലി, മിച്ചൽ സാന്റ്നർ എന്നിവർ ഓരോ വിക്കറ്റ് വീതം നേടി. നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ന്യൂസീലൻഡിനെ ആതിഥേയർ 108 റൺസിനു പുറത്താക്കിയിരുന്നു. മൂന്നു താരങ്ങൾ മാത്രമാണ് രണ്ടക്കം കടന്നത്. ഗ്ലെൻ ഫിലിപ്സ് (52 പന്തിൽ 36), മൈക്കിൾ ബ്രേസ്‍വെൽ (30 പന്തിൽ 22), മിച്ചൽ സാന്റ്നർ (39 പന്തിൽ 27) എന്നിവരാണ് കിവീസിന്‍റെ പ്രധാന സ്കോറർമാർ.


അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 15 റൺസ് എന്ന നിലയിലായിരുന്നു ഒരുഘട്ടത്തിൽ സന്ദർശകർ. മധ്യനിര താരങ്ങളുടെ ചെറുത്തു നിൽപ്പാണ് അവരെ 100 കടത്തിയത്. കിവീസ് ഓപ്പണർ ഫിൻ അലൻ റണ്ണൊന്നുമെടുക്കാതെ മടക്കി. ഡെവോൺ കോൺവെ (16 പന്തിൽ ഏഴ്), ഹെൻറി നിക്കോൾസ് (20 പന്തിൽ രണ്ട്), ഡാരിൽ മിച്ചൽ (മൂന്ന് പന്തിൽ ഒന്ന്), ടോം ലാതം (17 പന്തിൽ ഒന്ന്) എന്നിവരും വേഗത്തിൽ പുറത്തായതോടെ കിവീസ് വൻതകർച്ചയുടെ വക്കിലായിരുന്നു.


മധ്യനിര താരങ്ങളുടെ പ്രകടനത്തിൽ പിടിച്ചുനിന്ന കിവീസ് 29.2 ഓവറുകളെടുത്താണു നൂറു കടന്നത്. ഇന്ത്യക്കായി മുഹമ്മദ് ഷമി മൂന്നു വിക്കറ്റ് നേടി. ഹാർദിക് പാണ്ഡ്യ, വാഷിങ്ടൺ സുന്ദർ എന്നിവർ രണ്ടു വീതവും മുഹമ്മദ് സിറാജ്, ഷാർദൂൽ ഠാക്കൂർ, കുൽദീപ് യാദവ് എന്നിവർ ഓരോ വിക്കറ്റും സ്വന്തമാക്കി. ടോസ് നേടിയ നായകൻ രോഹിത് ശർമ കിവീസിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു.


ഇന്ത്യക്ക് പുതുവർഷത്തിലെ രണ്ടാം ഏകദിന പരമ്പര നേട്ടമാണിത്. കഴിഞ്ഞയാഴ്ച ശ്രീലങ്കക്കെതിരായ ഏകദിന പരമ്പര ഇന്ത്യ സ്വന്തമാക്കിയിരുന്നു.

Tags

Top Post Ad

Below Post Ad