Type Here to Get Search Results !

ഗൂഗിൾ പേയിലൂടെ അബദ്ധത്തിൽ മറ്റാർക്കെങ്കിലും പണം അയച്ചോ? നഷ്ടമായ തുക തിരികെ ലഭിക്കാൻ വഴിയുണ്ട്



ടെക്നോളജി: യുവാക്കൾക്ക് പുറമേ പ്രായമായവർ പോലും പണമിടപാടുകൾക്കായി ഡിജിറ്റൽ സംവിധാനങ്ങളെ ആശ്രയിക്കുന്ന കാലഘട്ടമാണിന്ന്. വൻ ഷോപ്പിംഗ് മാളുകളിലും ചെറുകിട കച്ചവടകേന്ദ്രങ്ങളിലും വഴിയോര കച്ചവടക്കാരിലും എന്തിന് ചന്തകളിൽപോലും ഇന്ന് യു പി ഐ പേയ്‌മെന്റുകൾ നടത്തുന്നവരാണ് കൂടുതലും. എന്നാൽ ഇത്തരം സാങ്കേതിക വിദ്യകൾ ഉപയോഗിക്കുമ്പോൾ പിഴവുകളും ഉണ്ടാകാറുണ്ട്. തെറ്റായ യു പി ഐ ഐഡി നൽകി അബദ്ധത്തിൽ മറ്റാർക്കെങ്കിലും പണം അയയ്ക്കുന്നത് നിരവധിപേർക്ക് പറ്റുന്ന പിഴവാണ്. എന്നാൽ ഇങ്ങനെ നഷ്ടമായ പണം തിരികെ ലഭിക്കാൻ വഴികളുണ്ടെന്നാണ് റിസർവ് ബാങ്ക് വ്യക്തമാക്കുന്നത്.


ഡിജിറ്റൽ സംവിധാനത്തിലൂടെ തെറ്റായി പണം അയച്ചുകഴിഞ്ഞാൽ അത് തിരികെ ലഭിക്കുന്നതിനായി ആദ്യം ഏത് യു പി ഐ മാർഗമാണോ ഉപയോഗിച്ചത് അതിൽ തന്നെ പരാതി ഫയൽ ചെയ്യണം. ഉദാഹരണത്തിന് ഗൂഗിൾ പേയിലൂടെയാണ് പണം നൽകിയതെങ്കിൽ അതിലെതന്നെ കസ്റ്റമർ സർവീസുമായി ബന്ധപ്പെട്ട് പരാതി ഫയൽ ചെയ്തതിന് ശേഷം റീഫണ്ട് ആവശ്യപ്പെടാം. ഇത്തരത്തിൽ പണം തിരികെ ലഭിച്ചില്ലെങ്കിൽ ഡിജിറ്റൽ പരാതികളുടെ ചുമതലയുള്ള ആർ ബി ഐയുടെ ഓംബുഡ്‌സ്‌മാനെ പരാതിക്കാരന് സമീപിക്കാം.


യു പി ഐ, ഭാരത് ക്യുആർ കോഡ് എന്നിവ വഴിയുള്ള ഇടപാടുകളുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ പേയ്‌മെന്റ് സംവിധാനം പാലിക്കാതെ വരുമ്പോൾ പരാതിക്കാരന് ഓംബുഡ്‌സ്‌മാനെ സമീപിക്കാമെന്നാണ് ആർ ബി ഐ പറയുന്നത്. ഉപഭോക്താക്കളുടെ അക്കൗണ്ടിലേക്ക് ഫണ്ട് ക്രെഡിറ്റ് ചെയ്യുന്നതിൽ പരാജയപ്പെടുകയോ ന്യായമായ സമയത്തിനുള്ളിൽ തുക തിരികെ നൽകാതിരിക്കുകയോ ചെയ്താൽ ഇത്തരത്തിൽ പരാതികൾ ഫയൽ ചെയ്യാം. പണം തെറ്റായി ട്രാൻസ്‌ഫർ ചെയ്താലും ഓംബുഡ്‌സ്‌മാന് പരാതി നൽകാമെന്ന് ആർ ബി ഐ വ്യക്തമാക്കുന്നു. 

Top Post Ad

Below Post Ad