കോഴിക്കോട്: ‘‘ഇക്കുറിയും ജയിക്കാൻ കഴിയുമെന്ന് ശുഭാപ്തി വിശ്വാസമുണ്ട്. അതും സ്വന്തം കാണികളുടെ മുന്നിൽ ആരംഭിക്കുന്ന ഗ്രൂപ് മത്സരത്തിൽ ജയിച്ചുകൊണ്ടുതന്നെ തുടങ്ങാൻ കഴിയുമെന്ന ഉറച്ച വിശ്വാസമുണ്ട്...’’ സന്തോഷ് ട്രോഫിയിലെ നിലവിലെ ചാമ്പ്യന്മാരെന്ന പെരുമ നിലനിർത്താൻ അരയും തലയും മുറുക്കിയിറങ്ങുന്ന കേരള ടീമിന്റെ മുഖ്യപരിശീലകൻ പി.ബി. രമേശ് പറഞ്ഞു.
തിങ്കളാഴ്ച കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിൽ ഗ്രൂപ് മത്സരത്തിലെ ആദ്യ പോരിന് രാജസ്ഥാനെ നേരിടാനിറങ്ങുന്ന കേരളം ശക്തമായ ടീമിനെത്തന്നെയാണ് സജ്ജമാക്കിയിരിക്കുന്നത്. കേരളം അടങ്ങുന്ന രണ്ടാം ഗ്രൂപ്പിൽ ആന്ധ്ര, ബിഹാർ, ജമ്മു-കശ്മീർ, മിസോറം, രാജസ്ഥാൻ എന്നീ മറ്റ് ടീമുകളും മത്സരിക്കുന്നു. ആറ് ഗ്രൂപ്പുകളിലാണ് മത്സരം. മുൻകാലങ്ങളിൽനിന്ന് വ്യത്യസ്തമായി മേഖല തിരിച്ചുള്ള ഗ്രൂപ് മത്സരങ്ങൾ അല്ലാത്തതിനാൽ ഇക്കുറി തുടക്കംമുതലേ കടുത്ത മത്സരങ്ങളുണ്ടാവും. എല്ലാ മത്സരങ്ങവും ദേശീയ മത്സരത്തിന്റെ നിലവാരത്തിലാകും.
‘‘കിട്ടുന്ന അവസരങ്ങൾ മികവുറ്റതാക്കാൻ കാത്തിരിക്കുന്ന ഒരുപിടി പുതുമുഖങ്ങളാണ് ടീമിലുള്ളത്. അവരുടെ കരുത്തിൽ ഇക്കുറിയും കപ്പുയർത്താനാവുമെന്നു തന്നെയാണ് കരുതുന്നത്’’ -പി.ബി. രമേശ് ‘മാധ്യമ’ത്തോട് പറഞ്ഞു. ഗോൾ കീപ്പർ വി. മിഥുന്റെ നേതൃത്വത്തിലുള്ള 22 അംഗ ടീമിൽ 16 പേരും പുതുമുഖങ്ങളാണ്. കഴിഞ്ഞ നാഷനൽ ഗെയിംസിൽ കളിച്ച മൂന്ന് കളിക്കാരടക്കമുള്ള ശക്തമായ അറ്റാക്കിങ് ലൈനപ്പാണ് ടീമിന്റെ കുന്തമുന. ഗോൾ കീപ്പർ കൂടിയായ ക്യാപ്റ്റൻ വി. മിഥുനും അറ്റാക്കിങ്ങിലെ എം. വിഗ്നേഷും മധ്യനിരയിലെ നിജോ ഗിൽബർട്ടും മാത്രമാണ് കഴിഞ്ഞ തവണ സന്തോഷ് ട്രോഫി കളിച്ച ടീമിലുണ്ടായിരുന്നത്. ഇത്തവണ മേഖലതല മത്സരമില്ല. ആറ് ഗ്രൂപ് മത്സരങ്ങളിൽ ഓരോ ഗ്രൂപ്പിലും ഒന്നാമതെത്തുന്നവർ മാത്രമാണ് ഫൈനൽ റൗണ്ടിലേക്ക് യോഗ്യത നേടുക. അതിനാൽ, ഓരോ മത്സരവും നിർണായകമാണ്. ഫൈനൽ റൗണ്ട് സൗദി അറേബ്യയിലാണ്.