ഷിക്കാഗോ: ദിവസങ്ങളായി തുടരുന്ന കനത്ത മഞ്ഞുവീഴ്ചയിലും 'ബോംബ് ചുഴലിക്കാറ്റിലും' വിറങ്ങലിച്ച് അമേരിക്ക. രാജ്യത്തെ മൂന്നിൽ രണ്ട് ഭാഗവും മഞ്ഞിൽ മൂടിയതോടെ ജനജീവിതം ദുസ്സഹമായി. ഗതാഗത സംവിധാനങ്ങൾ താറുമാറയതിനൊപ്പം വിവിധ ഭാഗങ്ങളിൽ വൈദ്യുത ബന്ധം കൂടി വിച്ഛേദിക്കപ്പെട്ടതോടെ 15 ലക്ഷത്തോളം ആളുകൾ ഇരുട്ടിലായി.
തിളപ്പിച്ച വെള്ളം പോലും നിമിഷ നേരംകൊണ്ട് ഐസായി മാറുന്ന സ്ഥിതിയാണ് അമേരിക്കയിൽ. ഇതോടെ ബോയിലിങ് വാട്ടർ ചലഞ്ചും യുഎസിൽ വൈറലായി. തിളപ്പിച്ച വെള്ളം അന്തരീക്ഷത്തിലേക്ക് ഒഴിക്കുമ്പോൾ തന്നെ ഐസായി മാറുന്ന വീഡിയോ ബോയിലിങ് വാട്ടർ ചലഞ്ചായി ധാരാളം പേർ ട്വിറ്ററിൽ പങ്കുവെച്ചിട്ടുണ്ട്. തണുത്ത കാലാവസ്ഥയുടെ വ്യാപതി എത്രത്തോളമുണ്ടെന്ന് കാണിക്കുന്നതാണ് വീഡിയോകൾ.
_താപനില മൈനസ് 40 ഡിഗ്രി സെൽഷ്യസിലേക്കുവരെ താഴ്ന്നതോടെ രണ്ട് ദിവസത്തിനിടെ മാത്രം യുഎസിൽ 5500 വിമാന സർവീസുകൾ റദ്ദാക്കി. 22,000 സർവീസുകൾ വൈകി. തീവണ്ടി, റോഡ് ഗതാഗതവും നിലച്ചു. ദേശീയപാതകൾ അടച്ചു. മഞ്ഞുവീഴ്ച മൂലം വിവിധ ഭാഗങ്ങളിൽ വാഹനാപടകടങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
നിലവിലെ ഹിമപാതം 'ബോംബോജെനെസിസ്' എന്ന പ്രക്രിയയിലൂടെ ശക്തിയാർജിച്ച് 'ബോംബ് ചുഴലിക്കാറ്റ്' ആകുമെന്ന് കാലാവസ്ഥാശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകിയിരുന്നു. അതിവേഗം തീവ്രമാകുന്ന മധ്യ-അക്ഷാംശ ചുഴലിക്കാറ്റാണ് ബോംബ് സൈക്ലോൺ. വെള്ളപ്പൊക്കം, അതിശൈത്യം, അതിവേഗം കുറയുന്ന മർദം(ന്യൂനമർദം) തുടങ്ങിയവ കൊണ്ടുണ്ടാകുന്ന വലിയ ശീതകാല കൊടുങ്കാറ്റ്. മർദം കുറയുമ്പോൾ ശക്തിപ്പെടുന്ന കൊടുങ്കാറ്റ് സ്ഫോടനാത്മകമാകും.
മഞ്ഞുവീഴ്ചയെത്തുടർന്ന് ലക്ഷക്കണക്കിനാളുകൾക്ക് അധികൃതർ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. പുറത്തിറങ്ങുന്നവർക്ക് അതിശൈത്യം കാരണം ആരോഗ്യപ്രശ്നങ്ങളുണ്ടാകാമെന്നും മുന്നറിയിപ്പുണ്ട്.