കൊച്ചി: ആരാധകർ ആകാംക്ഷയോടെ കാത്തിരുന്ന ഐ.പി.എൽ താരലേലം അവസാനിച്ചു. കൊച്ചി ആതിഥേയത്വം വഹിച്ച താരലേലത്തിൽ നേട്ടമുണ്ടാക്കിയത് ഇംഗ്ലണ്ട് താരങ്ങളാണ്. ഐ.പി.എല്ലിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തുകയ്ക്ക് ഇംഗ്ലീഷ് ഓൾറൗണ്ടർ സാം കറനെ പഞ്ചാബ് കിങ്സ് സ്വന്തമാക്കി. 18.50 കോടി രൂപയ്ക്കാണ് താരത്തെ പഞ്ചാബ് റാഞ്ചിയത്. ഓസ്‌ട്രേലിയയുടെ കാമറൂണ്‍ ഗ്രീനിനെ 17.50 കോടി രൂപയ്ക്ക് മുംബൈ ഇന്ത്യന്‍സും ഇംഗ്ലീഷ് സൂപ്പര്‍ താരം ബെന്‍ സ്റ്റോക്‌സിനെ 16.25 കോടി രൂപയ്ക്ക് ചെന്നൈ സൂപ്പര്‍ കിങ്‌സും സ്വന്തമാക്കി.
ഇംഗ്ലീഷ് താരം ഹാരി ബ്രൂക്കിന് കോളടിച്ചു. താരത്തിനെ 13.25 കോടി രൂപയ്ക്ക് സണ്‍റൈസേഴ്‌സ് സ്വന്തമാക്കി. ബ്രൂക്കിനെകൂടാതെ മായങ്ക് അഗര്‍വാളിനെയും സണ്‍റൈസേഴ്‌സ് ടീമിലെടുത്തു. 8.25 കോടിരൂപയാണ് താരത്തിന്റെ വില. വെസ്റ്റ് ഇൻഡീസ് താരം നിക്കോളാസ് പൂരനെ 16 കോടി രൂപയ്ക്ക് ലഖ്നൗ സൂപ്പർ ജയന്റ്സ് റാഞ്ചി.ഇന്ത്യൻ യുവതാരങ്ങളിൽ അവിശ്വസനീയമായ നേട്ടമുണ്ടാക്കിയത് ജമ്മു കശ്മീരിന്റെ വിവ്റാന്ത് ശർമയും ബംഗാളിന്റെ മുകേഷ് കുമാറുമാണ്. 20 ലക്ഷം മാത്രം അടിസ്ഥാന വിലയുണ്ടായിരുന്ന ഇരുവരും കോടികൾ നേടി. മുകേഷ് കുമാറിനെ 5.5 കോടി രൂപ മുടക്കി ഡൽഹി ക്യാപിറ്റൽസ് സ്വന്തമാക്കിയപ്പോൾ വിവ്റാന്തിനെ 2 കോടി രൂപയ്ക്ക് സൺറൈസേഴ്സ് ഹൈദരാബാദ് റാഞ്ചി.
മലയാളി താരങ്ങളിൽ കെ.എം.ആസിഫും വിഷ്ണു വിനോദും മാത്രമാണ് ടീമിലിടം നേടിയത്. വിഷ്ണു വിനോദിനെ അടിസ്ഥാനവിലയായ 20 ലക്ഷം മുടക്കി മുംബൈ ഇന്ത്യൻസ് തട്ടകത്തിലെത്തിച്ചു. ആസിഫ് 30 ലക്ഷം രൂപയ്ക്ക് രാജസ്ഥാൻ റോയൽസിലെത്തി. തകർപ്പൻ ഫോമിൽ കളിക്കുന്ന രോഹൻ എസ് കുന്നുമ്മലിന് അവസരം ലഭിച്ചില്ല. ഏറ്റവുമധികം താരങ്ങളെ സ്വന്തമാക്കിയ ടീം സൺറൈസേഴ്സ് ഹൈദരാബാദാണ്.