Type Here to Get Search Results !

പ്ലേഓഫ്; ലൂക്കയോ മൊറോക്കോയോ?



ദോഹ: കാലത്തിന്റെ കളിയരങ്ങളിൽ അയാൾ കളിച്ചുകാട്ടിയതൊക്കെയും മഹത്തരമായിരുന്നു. വമ്പൻ അദ്ഭുതങ്ങൾ കാട്ടാനുള്ള പ്രതിഭാസമ്പത്തോ ലോകം ഉറ്റുനോക്കുന്ന താരത്തിളക്കമോ ഇല്ലാതിരുന്ന ആ കളിക്കൂട്ടത്തിന് ലൂക്കാ മോഡ്രിച്ചെന്ന മിഡ്ഫീൽഡ് ജനറലായിരുന്നു താരം. അയാളെ കേന്ദ്രീകരിച്ചാണ് അവർ മുൻവിധികളെ തച്ചുടച്ച മത്സരഫലങ്ങളിലേക്ക് മധ്യനിരയിലൂടെ കയറിയെത്തിയത്. അഭിജാത സംഘങ്ങൾ പട നയിച്ചെത്തുന്ന ലോകകപ്പ് ഫൈനലിലേക്ക് റഷ്യൻ മണ്ണിൽ ക്രൊയേഷ്യ പടനയിച്ചെത്തിയപ്പോൾ അതിന് പിന്നിൽ അയാളുടെ കരുനീക്കങ്ങളായിരുന്നു. ഇപ്പോൾ, ഖത്തറിന്റെ മഹനീയ വേദിയിൽ േപ്ലഓഫിന്റെ ഉന്നതങ്ങളിലേക്കും കയറിയെത്തുമ്പോൾ ലൂക്ക തന്നെയാണ് സർവസൈന്യാധിപൻ. 37-ാം വയസ്സിലും പ്രായം തോൽക്കുന്ന കളിയഴകും പോരാട്ടവീര്യവുമാണ് ക്രോട്ട് നായകന്റെ കൈമുതൽ. ശനിയാഴ്ച മൊറേോക്കോക്കെതിരെ ഖലീഫ സ്റ്റേഡിയത്തിൽ 'ലൂസേഴ്സ് ഫൈനൽ' എന്ന േപ്ലഓഫിന് കളിത്തട്ടുണരുമ്പോൾ ലൂക്കയുടെ അവസാന ലോകകപ്പ് മത്സരമാകുമത്. ഒരുപാടുകാലം ക്രൊയേഷ്യയെ മഹാപോരിടങ്ങളുടെ മുൻനിരയിൽ വഴിനടത്തിച്ച സാരഥിയുടെ പടിയിറക്കം. രാജ്യാന്തര ഫുട്ബാളിന്റെ പോർവീര്യങ്ങളിൽനിന്ന് ബൂട്ടഴിച്ച് പിൻവാങ്ങില്ലെന്ന് മോഡ്രിച്ച് പറഞ്ഞിട്ടുണ്ടെങ്കിലും ഇനിയൊരു ലോകകപ്പിൽ അയാൾ കളിക്കാനുണ്ടാവില്ലെന്നുറപ്പ്. എല്ലാം തികഞ്ഞ പോരാളിയായ ലൂക്ക വിജയം കൊണ്ട് വിടപറയാൻ കൊതിക്കുമെന്ന് തങ്ങൾക്കറിയാമെന്നും അതിനു ബദലായ തന്ത്രങ്ങളാവിഷ്കരിച്ചാണ് തങ്ങൾ കളത്തിലിറങ്ങുകയെന്നും അറ്റ്ലസ് ലയൺസിന്റെ ആശാനായ വാലിദ് റെഗ്റാഗി പറയുന്നു. വമ്പൻ ചരിത്ര നേട്ടത്തിലേക്കുള്ള പുറപ്പാടായിരുന്നു ഖത്തറിൽ ആഫ്രിക്കൻ നിരയുടെ ഉന്നം. കനകകിരീടത്തിലേക്കുള്ള വഴിയുടെ അവസാന പാതക്കുമുന്നിൽ ഇടറിവീണതിന്റെ സങ്കടപ്പാടുകളുണ്ട് മനസ്സിൽ. േപ്ല ഓഫാണെങ്കിലും, മൊറോക്കോ ഇന്ന് കളിക്കാനിരിക്കുന്നത് കരിയറിലെ കണ്ണഞ്ചും പോരാട്ടമാണ്. അവസാന നാലിലെത്തി അദ്ഭുതം കാട്ടിയവർക്ക് ആദ്യ മുന്നിലെത്താനുള്ള സുവർണാവസരം. ലോകത്തെ വിസ്മയിപ്പിച്ച കുതിപ്പിൽ ഒരുപടികൂടി മുന്നോട്ടുകയറാനുള്ള ഒരുക്കത്തിലാണ് മൊറോക്കൻ സിംഹങ്ങൾ. 20 വർഷങ്ങൾക്കിടെ ലോകകപ്പിൽ ടീം ആകെ കളിച്ചത് ആറു മത്സരങ്ങളാണ്. ഇക്കുറി പക്ഷേ, ഒരൊറ്റ ലോകകപ്പിൽ ആറും കഴിഞ്ഞ് ഏഴിലേക്ക് ബൂട്ടുകെട്ടിയിറങ്ങാനിരിക്കുന്നു. പരിക്കിന്റെ പിടിയിലാണ് പല പ്രമുഖ താരങ്ങളുമെങ്കിലും േപ്ല ഓഫിന്റെ ആശ്വാസ പോരാട്ടത്തിൽ ജയിച്ചേ തീരൂ എന്ന നിശ്ചയദാർഢ്യവുമായാണ് റെഗ്റാഗിയും ശിഷ്യഗണങ്ങളും കച്ച മുറുക്കുന്നത്.

Top Post Ad

Below Post Ad