Type Here to Get Search Results !

ബ്രസീലിന് ആശ്വാസം; നെയ്മര്‍ ഇറങ്ങും



ദോഹ: തിങ്കളാഴ്ച ദക്ഷിണ കൊറിയക്കെതിരെ പ്രീ-ക്വാര്‍ട്ടര്‍ പോരാട്ടത്തിനിറങ്ങുന്ന ബ്രസീലിന് ആശ്വാസ വാര്‍ത്ത.


സൂപ്പര്‍ താരം നെയ്മര്‍ മത്സരത്തില്‍ ബൂട്ടണിയുമെന്ന് കോച്ച്‌ ടിറ്റെ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. നായകന്‍ തിയാഗോ സില്‍വയും ഇക്കാര്യം സ്ഥിരീകരിച്ചു. പരിക്കേറ്റ ഡാനിലോയും നാളെ തിരിച്ചെത്തും. സെര്‍ബിയക്കെതിരായ ആദ്യ മത്സരത്തില്‍ ടാക്ലിങ്ങിനിരയായി കണങ്കാലിന് പരിക്കേറ്റ നെയ്മര്‍ക്ക് കഴിഞ്ഞ രണ്ട് മത്സരങ്ങള്‍ നഷ്ടമായിരുന്നു. 


മുമ്ബ് ബ്രസീലില്‍ കോപ അമേരിക്ക നടക്കുമ്ബോഴും നെയ്മര്‍ പരിക്കേറ്റ് മടങ്ങിയിരുന്നു. കഴിഞ്ഞ ലോകകപ്പില്‍ കൊളംബിയക്കെതിരായ ക്വാര്‍ട്ടറിലും പരിക്ക് വില്ലനായി. അതിവേഗവും ഫിനിഷിങ് മികവുമായി മുന്നേറ്റത്തില്‍ അപകടം വിതക്കുന്ന താരത്തിനു നേരെ എതിരാളികള്‍ കൂടുതല്‍ കഠിനമായി പെരുമാറുന്നതാണ് പ്രശ്നമാകുന്നത്. പന്ത് കാലിലെത്തുമ്ബോഴേക്ക് താരത്തെ നിലത്തുവീഴ്ത്താന്‍ തിരക്കുകൂട്ടുന്ന സെര്‍ബിയന്‍ താരങ്ങളുടെ വിഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു.


ദേശീയ ടീമിനായി 75 ഗോളുകള്‍ നേടിയ നെയ്മര്‍ക്ക് രണ്ടു ഗോളുകള്‍ കൂടി നേടാനായാല്‍ ഇതിഹാസ താരം പെലെക്കൊപ്പമെത്താനാകും. മുന്നേറ്റത്തില്‍ നെയ്മറിന്റെ നഷ്ടം പരിഹരിക്കാനുണ്ടായിരുന്ന ഗബ്രിയേല്‍ ജീസസിനും അലക്സ് ടെല്ലസിനും കാമറൂണിനെതിരായ കളിയില്‍ കാല്‍മുട്ടിന് പരിക്കേറ്റിരുന്നു. ഇരുവരും ഈ ലോകകപ്പില്‍ ഇനി കളിക്കില്ലെന്ന് ബ്രസീല്‍ ഫുട്ബാള്‍ അസോസിയേഷന്‍ അറിയിച്ചിട്ടുണ്ട്. ഫുള്‍ ബാക്ക് അലക്സ് സാന്‍ഡ്രോയും പരിക്കിന്റെ പിടിയിലാണ്.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad