മോദിജിയുടെ രൂപസാദൃശ്യമുള്ള പാപ്പാഞ്ഞിയെ കത്തിക്കാനാവില്ലെന്നാണ് ബിജെപി പ്രവര്‍ത്തകരുടെ വാദം
കൊച്ചി: കൊച്ചിന്‍ കാര്‍ണിവലിലൊരുക്കിയ പാപ്പാഞ്ഞിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ രൂപസാദൃശ്യമുണ്ടെന്ന് ആരോപണവുമായി ബിജെപി രംഗത്തെത്തി. പുതുവര്‍ഷ ദിനാഘോഷത്തിന്റെ ഭാഗമായി കത്തിക്കാനായി തയ്യാറാക്കി വെച്ചിരിക്കുന്ന പാപ്പാഞ്ഞിയുടെ രൂപത്തെ ചൊല്ലിയാണ് വിവാദം ഉയര്‍ന്നിരിക്കുന്നത്. പാപ്പാഞ്ഞിയെ തയ്യാറാക്കുന്ന ഫോര്‍ട്ട് കൊച്ചി പരേഡ് ഗ്രൗണ്ടില്‍ ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തിയിരുന്നു. മുഖം മാറ്റി തയ്യാറാക്കണമെന്നായിരുന്നു പ്രവര്‍ത്തകരുടെ ആവശ്യം. തുടര്‍ന്ന് പാപ്പാഞ്ഞിയുടെ നിര്‍മാണം ബിജെപി പ്രവര്‍ത്തകര്‍ നിര്‍ത്തിവെപ്പിച്ചു.എറണാകുളം പരേഡ് മൈതാനത്താണ് പാപ്പാഞ്ഞിയുടെ നിര്‍മാണം നടന്ന് കൊണ്ടിരിക്കുന്നത്. അറുപത് അടി ഉയരത്തിലാണ് പാപ്പാഞ്ഞിയെ നിര്‍മ്മിച്ചിരിക്കുന്നത്. മോദിജിയുടെ രൂപസാദൃശ്യമുള്ള പാപ്പാഞ്ഞിയെ കത്തിക്കാനാവില്ലെന്നാണ് ബിജെപി പ്രവര്‍ത്തകരുടെ വാദം. തുടര്‍ന്ന് പൊലീസ് സംഭവത്തില്‍ ഇടപെട്ടു.പൊലീസുമായും കാര്‍ണിവല്‍ സംഘാടകരുമായുളള ചര്‍ച്ചയ്‌ക്കൊടുവില്‍ പാപ്പാഞ്ഞിയുടെ രൂപത്തില്‍ മാറ്റം വരുത്താനുള്ള ധാരണയിലെത്തി. കൊച്ചിന്‍ കാര്‍ണിവല്‍ സമിതിയാണ് പരിപാടിയുടെ സംഘാടകര്‍. തിന്മക്ക് മേല്‍ നന്മ വിജയിക്കുന്നു എന്നതാണ് പാപ്പാഞ്ഞിയെ കത്തിക്കുന്നതിലൂടെ നല്‍കുന്ന സന്ദേശമെന്നാണ് വിശ്വാസം.