Type Here to Get Search Results !

ഗുരുവായൂരപ്പന് ബാങ്ക് നിക്ഷേപമായി 1737.04 കോടി; സ്വന്തമായി 271 ഏക്കർ സ്ഥലവും



കൊച്ചി: ഗുരുവായൂര്‍ ക്ഷേത്രവുമായി ബന്ധപ്പെട്ട് സ്വത്ത് വിവരങ്ങള്‍ പുറത്ത്. ക്ഷേത്രത്തിന്റെ പേരില്‍ വിവിധ ബാങ്കുകളിലായി 1737.04 കോടി രൂപയുടെ ബാങ്ക് നിക്ഷേപവും 271.05 ഏക്കര്‍ ഭൂമിയുമുണ്ടെന്ന റിപ്പോര്‍ട്ടാണ് പുറത്തുവന്നത്. എന്നാൽ രത്നം, സ്വർണം, വെള്ളി എന്നിവയുടെ മൂല്യം എത്രയെന്നത് സുരക്ഷാകാരണത്താൽ വെളിപ്പെടുത്താനാകില്ലെന്ന് ഗുരുവായൂർ ദേവസ്വം ബോർഡ് കോടതിയിൽ വ്യക്തമാക്കി.

ദേവസ്വത്തിന്റെ ആസ്തി ചോദിച്ച് എറണാകുളത്തെ പ്രോപ്പർ ചാനൽ എന്ന സംഘടനയുടെ പ്രസിഡന്റ് എം കെ ഹരിദാസ് നൽകിയ വിവരാവകാശ അപേക്ഷയ്ക്കുള്ള മറുപടിയിലാണിത്. രത്നം, സ്വർണം, വെള്ളി തുടങ്ങിയ ആഭരണങ്ങളുടെ വിവരം നിഷേധിച്ചതിനെതിരേ ഹരിദാസ് അപ്പീൽ നൽകി. ഇവ സൂക്ഷിച്ച സ്ഥലമോ, നിലവിലെ കസ്റ്റോഡിയൻആരാണ് എന്നോ വിവരാവകാശ അപേക്ഷയിൽ ചോദിച്ചിട്ടില്ലെന്നും തിരുപ്പതി ദേവസ്ഥാനത്തിനില്ലാത്ത എന്ത് സുരക്ഷാ കാരണമാണ് ഗുരുവായൂർ ദേവസ്വത്തിന് ബാധകമെന്നും അപ്പീലിൽ ചോദിക്കുന്നു.

Also Read- വധു ചെണ്ടയെടുത്തു; വരൻ ഇലത്താളവും; ഗുരുവായൂരിൽ താലികെട്ടിന് പിന്നാലെ ദമ്പതികളുടെ ശിങ്കാരിമേളം

2018ലും 2019ലും വെള്ളപ്പൊക്കദുരന്തമുണ്ടായതിനുപിന്നാലെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക്‌ ഗുരുവായൂർ ദേവസ്വം നൽകിയ 10 കോടി രൂപ തിരികെ നൽകണമെന്ന ഹൈക്കോടതി ഉത്തരവ് ഇതുവരെ നടപ്പാക്കിയിട്ടില്ലെന്നും ദേവസ്വം വ്യക്തമാക്കി. ഗുരുവായൂർ ക്ഷേത്രത്തിൽ ഭക്തർ നൽകുന്ന പണം അവരുടെ ക്ഷേമപ്രവർത്തനങ്ങൾക്കായിമാത്രമേ വിനിയോഗിക്കാനാകൂവെന്ന് വിലയിരുത്തിയായിരുന്നു ഹൈക്കോടതി ഫുൾ ബെഞ്ചിന്റെ ഉത്തരവ്.

അതേസമയം, ഭക്തര്‍ സമര്‍പ്പിച്ച 2018 വരെയുള്ള സ്വര്‍ണ വരവ് മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് എസ് ബി ഐയിലേക്ക് കൈമാറിയിരുന്നു. ഗുരുവായൂരപ്പന് വഴിപാടായി ലഭിച്ച 341 കിലോ സ്വര്‍ണം എസ് ബി ഐക്ക് കൈമാറി. കനത്ത സുരക്ഷാ അകമ്പടിയിലായിരുന്നു അന്ന് കൈമാറിയത്. ഗുരുവായൂര്‍ ദേവസ്വം കരുതല്‍ ധനമായ സ്വര്‍ണം ഡിപ്പോസിറ്റാക്കി മാറ്റാന്‍ വേണ്ടിയാണ് എസ്ബിഐ ഏറ്റെടുത്തത്.

എസ് ബി ഐയുടെ ഇന്‍ഷുറന്‍സ് പരിരക്ഷയില്‍ സ്വര്‍ണം മുംബൈ ഗവണ്‍മെന്റ് മിന്റിലേക്ക് ശുദ്ധീകരണത്തിനായി കൊണ്ടുപോയിരുന്നു. സ്വര്‍ണവില കണക്കാക്കി രണ്ടരശതമാനം പലിശ ദേവസ്വത്തിന് ലഭ്യമാക്കാം എന്ന ധാരണയിലാണ് കൈമാറ്റം. രണ്ടര കോടിയോളം രൂപയാണ് ദേവസ്വത്തിന് ഈ ഇനത്തില്‍ ലഭ്യമാകുക.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad