നാലുവരി, ആറുവരി ദേശീയപാതകളില്‍ വേഗപരിധി കുറഞ്ഞ വാഹനങ്ങള്‍ ഇടതുട്രാക്കിലൂടെ പോകണമെന്ന നിയമം കര്‍ശനമാക്കുന്നു. ഇതിന്റെ ഭാഗമായി വാളയാര്‍-വാണിയമ്പാറ ദേശീയപാതയില്‍ ജില്ലാ റോഡ് സുരക്ഷ കൗണ്‍സില്‍ നടപടികള്‍ തുടങ്ങി.
ചരക്കുവാഹനങ്ങള്‍, സര്‍വീസ് ബസുകള്‍ ഉള്‍പ്പെടെയുള്ള വലിയ യാത്രാവാഹനങ്ങള്‍, ഓട്ടോറിക്ഷ, ഇരുചക്രവാഹനങ്ങള്‍ തുടങ്ങിയവയാണ് വേഗപരിധി കുറഞ്ഞ വാഹനങ്ങള്‍. ഇവ ഇടതുട്രാക്കിലൂടെ മാത്രമേ സഞ്ചരിക്കാവൂ.
മുന്നിലുള്ള വാഹനത്തെ മറികടക്കുമ്പോള്‍ മാത്രമേ വലതുട്രാക്കിലേക്ക് കയറാന്‍ പാടുള്ളൂ. തുടര്‍ന്ന് ഇടതുട്രാക്കില്‍ത്തന്നെ യാത്ര തുടരണം. വേഗപരിധി കൂടിയ കാര്‍, ജീപ്പ്, മിനി വാന്‍ തുടങ്ങിയവയ്ക്ക് വേഗത്തില്‍ യാത്ര ചെയ്യാനുള്ളതാണ് വലത് ട്രാക്ക്. അതേസമയം, ഇവ വേഗം കുറച്ചാണ് പോകുന്നതെങ്കില്‍ ഇടതുട്രാക്ക് ഉപയോഗിക്കണം.
നിയമം നടപ്പാക്കുന്നതിന്റെ ആദ്യഘട്ടമായി ഡ്രൈവര്‍മാര്‍ക്ക് ലഘുലേഖകള്‍ വിതരണം ചെയ്തുതുടങ്ങി. തുടര്‍ന്നും നിയമം തെറ്റിച്ചാല്‍ നടപടിയെടുക്കും. ഇതോടൊപ്പം റോഡില്‍ സുരക്ഷാക്രമീകരണങ്ങളൊരുക്കുന്നതിനായി മോട്ടോര്‍ വാഹനവകുപ്പും പോലീസും ദേശീയപാത അതോറിറ്റിയും ചേര്‍ന്ന് ദേശീയപാതയില്‍ പരിശോധന നടത്തി