പാരിസ്: ഫ്രഞ്ച് സ്‌ട്രൈക്കറും നിലവിലെ ബാലണ്‍ദ്യോര്‍ ജേതാവുമായ കരിം ബെന്‍സേമ രാജ്യാന്തര ഫുട്‌ബോളില്‍ നിന്ന് വിരമിച്ചു. സാമൂഹ്യമാധ്യമങ്ങളിലൂടെയാണ് ബെന്‍സേമ വിരമിക്കല്‍ പ്രഖ്യാപിച്ചത്.
'പരിശ്രമങ്ങളുടെയും പിഴവുകളുടെയും ഫലമായാണ് ഞാനിപ്പോള്‍ ഇവിടെവരെ എത്തിനില്‍ക്കുന്നത്, അതില്‍ ഞാന്‍ അഭിമാനിക്കുകയും ചെയ്യുന്നു. എന്റെ കഥ ഞാനെഴുതിക്കഴിഞ്ഞു, അത് അവസാനിക്കുകയാണ്', ബെന്‍സേമ കുറിച്ചു
ഫ്രാന്‍സിനായി 97 മത്സരങ്ങള്‍ കളിച്ച ബെന്‍സേമ 37 ഗോളുകളും 20 അസിസ്റ്റുകളും നേടിയിട്ടുണ്ട്. രാജ്യത്തിനായി നാഷന്‍സ് ലീഗ് കിരീടവും നേടി. ഫ്രാന്‍സിനായി ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയിട്ടുള്ള താരങ്ങളുടെ പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ് ബെന്‍സേമ.
നേരത്തേ ലോകകപ്പിലെ ഫ്രാന്‍സിന്റെ സംഘത്തില്‍ ബെന്‍സേമ ഉണ്ടായിരുന്നെങ്കിലും പരിക്കേറ്റതിനാല്‍ ഒറ്റ മത്സരത്തിലും താരത്തിന് കളിക്കാനായില്ല. താരത്തിന്റെ 35-ാം ജന്മദിനത്തിലാണ് ഈ വിരമിക്കല്‍ പ്രഖ്യാപനം.